വെള്ളറട (തിരുവനന്തപുരം): ഭവന നിർമാണത്തിനെടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങി ജപ്തി ഭീഷണി വന്നതോടെ വയോധിക ദമ്പതികൾ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു. വെള്ളറട പൊലീസ് സ്റ്റേഷൻ പരിധിയില്‍ കിളിയൂര്‍ പനയത്ത് പുത്തന്‍വീട്ടില്‍ ജോസഫ് (73), ഭാര്യ ലളിതാ ഭായി (64) എന്നിവരാണ് ജീവനൊടുക്കിയത്.
ഇവർ വീട് നിർമാണത്തിന് എടുത്ത ലോണിന്റെ തിരിച്ചടവ് മകന് ഹൃദ്രോഗം ബാധിച്ചതോടെ മുടങ്ങിയിരുന്നു. അതുവരെ കൃത്യമായി അടച്ചിരുന്നുവെന്ന് മക്കൾ പറഞ്ഞു. റബര്‍ പുരയിടത്തില്‍ ആസിഡ് കുടിച്ച് മരണപ്പെട്ട നിലയിലാണ് ദമ്പതികളെ കണ്ടത്തിയത്. റബ്ബര്‍ പുരയിടത്തില്‍ ടാപ്പിങ്ങിനെത്തിയ തൊഴിലാളിയാണ് മൃതദേഹങ്ങള്‍ കണ്ടത്.
ദമ്പതികള്‍ക്ക് വീട് നിർമിക്കാൻ കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലയളവില്‍ 5 ലക്ഷം രൂപ അനുവദിച്ചിരുന്നു. സ്ഥലം വാങ്ങി വീട് വെക്കാൻ കൂടുതല്‍ തുക ആവശ്യമുള്ളതിനാൽ തിരുവനന്തപുരത്തെ സ്വകാര്യ ധനകാര്യ സ്ഥാപനമായ ചോളമന് ഫിനാന്‍സിൽനിന്ന് ഒമ്പത് ലക്ഷം രൂപ വായ്പ എടുത്തു. കൃത്യമായി തിരിച്ചടക്കുന്നതിനിടെയാണ് ഇളയ മകന് സതീഷ് ഹൃദ്രോഹ ബാധിതനായത്. ഇതോടെ വായ്പ തിരിച്ചടവ് മുടങ്ങി. ബാങ്കുകാർ ജപ്തി നോട്ടീസ് നൽകുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ ഇവർ ആശങ്കയിലായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് ഇവര്‍ സമീപത്തെ റബര്‍ പുരയിടത്തില്‍ എത്തി ആസിഡ് കഴിച്ചതെന്ന് കരുതുന്നു. സംഭവസ്ഥലത്ത് നിന്ന് ശേഷിച്ച ആസിഡും രണ്ട് ഗ്ലാസും പൊലീസ് കണ്ടെത്തി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ്, ഇന്‍സ്പെക്ടര്‍മാരായ റസല്‍രാജ്, ശശികുമാര്‍, സി.പി.ഒ ദീപു, ഷൈനു, ഷീബ, ജയരാജ് എന്നിവരടങ്ങുന്ന സംഘം ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജി് ആശുപത്രിയിലേക്ക് മാറ്റി.
മക്കള്‍: സജിത, സബിത, സതീഷ്. മരുമക്കള്‍: സ്റ്റീഫന്‍, സുരേഷ്, മഞ്ജു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.