കൊച്ചി: ലോക്ഡൗൺകാലത്തെ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട മൊറട്ടോറിയം നിർദേശം ലംഘിച്ച് ഇടപാടുകാരിൽനിന്ന് ബൗൺസ് ചാർജടക്കം ഇടാക്കുന്ന ബാങ്ക് നടപടിക്കെതിരായ ഹരജിയിൽ ഹൈകോടതി റിസർവ് ബാങ്കിെൻറയടക്കം വിശദീകരണം തേടി. ബൗൺസ് ചാർജടക്കം ഈടാക്കി മുടങ്ങിയ വായ്പ തിരിച്ചുപിടിക്കാനുള്ള തൃശൂർ പാട്ടുരാക്കലിലെ ബജാജ് ഫിനാൻസ് ലിമിറ്റഡിെൻറ നടപടിക്കെതിരെ തൃശൂർ അയ്യന്തോൾ സ്വദേശി വി.എം. മിഥുനും ഭാര്യയും നൽകിയ ഹരജിയിലാണ് ജസ്റ്റിസ് അനു ശിവരാമെൻറ ഉത്തരവ്.
ബജാജ് ഫിനാൻസിൽനിന്ന് എടുത്ത ആറ് വായ്പകളുടെ തിരിച്ചടവ് ലോക്ഡൗൺ പ്രഖ്യാപിക്കുന്നതുവരെ കൃത്യമായി നടത്തിയിട്ടുള്ളതായി ഹരജിയിൽ പറയുന്നു. ഇതിനിടെ കോവിഡ്-19 റെഗുലേറ്ററി പാക്കേജിൽ ഉൾപ്പെടുത്തി 2020 മാർച്ച് ഒന്നുമുതൽ മേയ് 31 വരെ വായ്പ തിരിച്ചടവുകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് ചെറുകിട ധനകാര്യ ബാങ്കുകൾ, പ്രാദേശിക മേഖല ബാങ്കുകൾ, റീജനൽ ഗ്രാമീണ ബാങ്കുകൾ എന്നിവക്കും എല്ലാ എല്ലാ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും മാർച്ച് 27ന് റിസർവ് ബാങ്ക് നിർദേശം നൽകി.
തുടർന്ന് മൊറട്ടോറിയം ആനുകൂല്യം അനുവദിക്കാൻ ഹരജിക്കാർ ബജാജ് ഫിനാൻസിന് അപേക്ഷയും നൽകി. ഏപ്രിൽ, മേയ് മാസങ്ങളിൽ തിരിച്ചടക്കാനുള്ള ഗഡുക്കൾ ബാങ്കിൽ ബാലൻസ് ഉണ്ടായിരുന്നില്ല. എന്നാൽ, ചെക്ക് മടങ്ങിയതിനെത്തുടർന്ന് എല്ലാ വായ്പകളിന്മേലും ബൗൺസ് ചാർജുൾപ്പെടെ ചുമത്തി തിരിച്ചുപിടിക്കാൻ ബജാജ് നടപടി ആരംഭിച്ചു. എല്ലാ ലോണുകളിലേക്കുമായി 3924 രൂപ ബൗൺസ് ചാർജ് അടക്കാൻ നോട്ടീസ് നൽകിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മൊറട്ടോറിയം സംബന്ധിച്ച നിർദേശം പാലിക്കാൻ റിസർവ് ബാങ്ക് മുഖേന ബജാജിന് നിർദേശം നൽകണമെന്നും ബൗൺസ് ചാർജ് ഒഴിവാക്കി എല്ലാ വായ്പ അക്കൗണ്ടുകളും റെഗുലറൈസ് ചെയ്യാൻ ഉത്തരവിടണമെന്നുമാണ് ഹരജിയിലെ ആവശ്യം.
തുടർന്നാണ് കോടതി ഇക്കാര്യത്തിൽ റിസർവ് ബാങ്കിെൻറയും ബജാജിെൻറയും വിശദീകരണം തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.