കോഴിക്കോട്: എം.ഇ.എസ് സ്ഥാപനങ്ങളിൽ മുഖംമറയ്ക്കുന്ന വസ്ത്രധാരണം വിലക്കി സർക്കുലർ. കേരള ഹൈകോടതി വിധിയുെട അടിസ്ഥാനത്തിലാണ് നടപടിയെന്ന് എം.ഇ.എസ് പ്രസിഡൻറ് ഡോ. ഫസൽ ഗഫൂർ സ്ഥാപന മേധാവികൾക്ക് അയച്ച സർക്കുലറിൽ വ്യക്തമാക്കി. അതേസമയം, നടപടിക്കെതിരെ സമസ്തയും മറ്റു സുന്നി സംഘടനകളും രംഗത്തുവന്നു.
പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വേഷവിധാനങ്ങൾ ആധുനികതയുടെ പേരിലായാലും മതാചാരങ്ങളുടെ പേരിലായാലും അംഗീകരിക്കാനാവില്ലെന്ന് എം.ഇ.എസ്സർക്കുലർ വ്യക്തമാക്കി. വിദ്യാഭ്യാസത്തിലൂടെ മുസ്ലിം സാമൂഹിക, സാംസ്കാരിക മുന്നേറ്റം ലക്ഷ്യമാക്കുന്ന എം.ഇ.എസിന് അതിനുകീഴിൽ പ്രവർത്തിക്കുന്ന കോളജുകളിലെ പഠിതാക്കൾ പാഠ്യമികവിനൊപ്പം വേഷവിധാനത്തിലും തികഞ്ഞ ഔചിത്യം പുലർത്തണമെന്ന് നിഷ്കർഷയുണ്ട്. അതിനാൽ വിദ്യാർഥിനികൾ മുഖംമറച്ചുകൊണ്ടുള്ള വസ്ത്രധാരണത്തിൽ ക്ലാസുകളിലെത്തുന്നില്ലെന്ന് സ്ഥാപന അധികൃതർ ഉറപ്പുവരുത്തണം. കേരള ഹൈകോടതിയുടെ wp(c) No:35293/2018 കേസിലെ വിധിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നും സർക്കുലർ വ്യക്തമാക്കുന്നു.
അതേസമയം മതപരമായ കാര്യങ്ങളിൽ വിദ്യാഭ്യാസ സംഘടനയായ എം.ഇ.എസ് ഇടപെടേണ്ടെന്നും ബുർഖ വിശ്വാസത്തിെൻറ ഭാഗമാണെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രതികരിച്ചു. അതുകൊണ്ടുതന്നെ ഈ വസ്ത്രം ധരിക്കുന്നത് നിരോധിക്കാൻ പാടില്ല. മുസ്ലിം സ്ത്രീകൾ ഈ വിഷയത്തിൽ തങ്ങളോടൊപ്പം നിൽക്കുമെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തങ്ങളുടെ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നത് വിലക്കിയ എം.ഇ.എസ് സർക്കുലർ മൗലികാവകാശ ലംഘനമാണെന്ന് എസ്.വൈ.എസ് (എ.പി വിഭാഗം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. സർക്കാറിെൻറ സാമ്പത്തിക സഹായവും അംഗീകാരവും ഉപയോഗപ്പെടുത്തി നടത്തുന്ന സ്ഥാപനങ്ങളിൽ ഇത്തരം നിലപാടുകൾ അംഗീകരിക്കാനാവില്ല. സയ്യിദ് ത്വാഹ സഖാഫി അധ്യക്ഷത വഹിച്ചു.
എന്നാൽ എം.ഇ.എസ് സ്ഥാപനങ്ങളില്‍ മുഖംമൂടുന്ന വസ്ത്രം (നിഖാബ്) നിരോധിച്ച നടപടി വിവാദമാക്കേണ്ടതില്ലെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (മര്‍കസുദ്ദഅ്‌വ) സംസ്ഥാന പ്രസിഡൻറ് ഡോ. ഇ.കെ. അഹ്മദ് കുട്ടയും ജനറൽ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമിയും പ്രതികരിച്ചു. മുസ്ലിം സ്ത്രീകള്‍ മുഖം മറയ്ക്കണമെന്ന് ഇസ്ലാം അനുശാസിക്കുന്നില്ലെന്നിരിക്കെ, നിഖാബ് നിരോധനത്തെ ഇസ്ലാമിെൻറ പേരുപറഞ്ഞ് വിവാദമാക്കുന്നത് ഒട്ടും ആശാസ്യമല്ലെന്ന് ഇരുവരും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.