തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തിൽ വിവാദമായ ശബ്ദരേഖ ക്രൈംബ്രാഞ്ചിന് മുന്നിൽ വിഴുങ്ങി ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അനിമോൻ. സംഘടനക്ക് കെട്ടിടം വാങ്ങാനാണ് വാട്സ്ആപ് ഗ്രൂപ് വഴി പണം ആവശ്യപ്പെട്ടതെന്ന് അനിമോൻ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. എറണാകുളത്ത് സംഘടനക്ക് കെട്ടിടമുണ്ടായിരിക്കെ തിരുവനന്തപുരത്തും ഒന്ന് വാങ്ങാൻ പ്രസിഡന്റ് സുനിൽകുമാർ ആലോചിച്ചു. ഇതിൽ തനിക്ക് എതിർപ്പായിരുന്നു. ഇടുക്കി ജില്ലയുടെ സഹകരണക്കുറവിന് കാരണം തന്റെ നിലപാടാണെന്ന് കൊച്ചിയിലെ എക്സിക്യുട്ടിവ് യോഗത്തിൽ വിമർശനം ഉണ്ടായി.
കെട്ടിടവും സ്ഥലവും ആധാരം ചെയ്യാൻ 1.75 കോടിയുടെ കുറവ് ഉണ്ടെന്നും ഈ തുക എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങൾ എന്ന നിലയിൽ എല്ലാവരും രണ്ടര ലക്ഷം രൂപവെച്ചു തരണമെന്നും സുനിൽകുമാർ പറഞ്ഞു. എന്നാൽ, ഒരു ലക്ഷം തന്നതുതന്നെ ബുദ്ധിമുട്ടിയാണെന്നും തരുന്ന ആളുകളിൽനിന്നും പിടിച്ചുപറിക്കാനേ നിങ്ങൾക്ക് കഴിയൂവെന്നും താൻ പറഞ്ഞതോടെ സുനിലും അദ്ദേഹത്തിന്റെ ഇഷ്ടക്കാരായ ചിലരും തന്നെ ആക്ഷേപിച്ചു.
തുടർന്ന് താൻ യോഗത്തിൽനിന്ന് പുറത്തുപോകുകയായിരുന്നു. ആ സമ്മർദത്തിലാണ് 45 പേരുള്ള ഇടുക്കിയിലെ ബാർ മുതലാളിമാരുടെ വാട്സ്ആപ് ഗ്രൂപ്പിൽ ശബ്ദരേഖ നൽകിയത്. എന്നാൽ, നാവ് പിഴവ് ഉണ്ടായെന്ന് കണ്ടതോടെ പിന്നീട് അത് ഗ്രൂപ്പിൽനിന്ന് ഒഴിവാക്കി. അന്നത്തെ ദേഷ്യത്തിലും സമർദത്തിലും എന്താണ് പറഞ്ഞതെന്ന് ഓർമയില്ല. മദ്യനയം തിരുത്താൻ യാതൊരു തുകയും ആരിൽനിന്നും വാങ്ങിയിട്ടില്ല, കൊടുത്തിട്ടുമില്ല - അനിമോൻ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബിനുകുമാറിന്റെ നേതൃത്വത്തിലെ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.