Representational Image

ഡ്രൈഡേ മാറ്റാൻ കോഴ: ‘പണം കൊടുക്കാതെ ആരും സഹായിക്കില്ല, കൊടുക്കേണ്ടത് കൊടുക്കണം’ -ശബ്ദ സന്ദേശത്തിന്‍റെ പൂർണരൂപം

തിരുവനന്തപുരം: ഒന്നാം തീയതിയിലെ ഡ്രൈഡേ അടക്കം മദ്യനയം അനുകൂലമായി മാറ്റാൻ ഓരോ ബാറുടമയും 2.5 ലക്ഷം രൂപ വീതം നൽകണമെന്ന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് അനിമോന്റെ ശബ്ദസന്ദേശം മാധ്യമങ്ങൾ ഇന്ന് പുറത്തുവിട്ടിരുന്നു. സംഘടനയുടെ ഇടുക്കി ജില്ല പ്രസിഡന്റ് കൂടിയായ അനിമോൻ ജില്ലയിലെ ബാറുടമകൾ ഉൾപ്പെടുന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത സന്ദേശമാണ് പുറത്തായത്.

ശബ്ദ സന്ദേശത്തിന്‍റെ പൂർണരൂപം:

"പ്രിയപ്പെട്ട എഫ്.കെ.എച്ച്.എ (ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ) ഇടുക്കി ജില്ല മെമ്പേഴ്സിന്‍റെ ശ്രദ്ധക്ക്... ഞാൻ എഫ്.കെ.എച്ച്.എ ഇടുക്കി ജില്ല പ്രസിഡന്‍റ് അനിമോൻ ജയകൃഷ്ണൻ അയ്യപ്പൻ നായർ. വോയ്സ് മേസേജ് ഇടുന്നത് എറണാകുളം റിനൈസൻസ് ഹോട്ടലിൽ നിന്നാണ്.

എഫ്.കെ.എച്ച്.എ സ്റ്റേറ്റ് എക്സിക്യൂട്ടീവ് മീറ്റിങ് നടക്കുകയാണ്. അതിൽ പ്രസിഡന്‍റ് വളരെ കൃത്യമായി പല കാര്യങ്ങൾ പറഞ്ഞു. പുതിയ പോളിസി ഇലക്ഷൻ കഴിഞ്ഞാൽ വരുന്നതാണ്. ഒന്നാം തീയതിയിലെ ഡ്രൈഡേ എടുത്തുകളയും. സമയത്തിന്‍റെ കാര്യങ്ങളൊക്കേ കഴിഞ്ഞ ജനറൽ ബോഡി മീറ്റിങ്ങിൽ പറഞ്ഞിരുന്നതാണ്. അപ്പോൾ ഇതൊക്കെ ചെയ്ത് തരുന്നുണ്ടെങ്കിൽ നമ്മൾ കൊടുക്കേണ്ട കാര്യങ്ങൾ കൊടുക്കണം. അതിനാരും ഇതുവരെ ഇടുക്കി ജില്ലയിലെ ഇത്രയും ഹോട്ടലുകളിൽ നിന്ന് ഒരു ഹോട്ടൽ സ്പൈസ് ഗ്രൂപ്പ് ഹോട്ടൽസ്, അണക്കര ഒഴിച്ച് ബാക്കിയാരും 2.5 ലക്ഷം രൂപ തന്നിട്ടില്ലെന്ന വിവരം എല്ലാവരെയും അറിയിക്കുകയാണ്. എല്ലാവരും കൊടുക്കാം, ഗ്രൂപ്പ് ആയിട്ടുള്ളവർ കൊടുക്കും, അവിടെ കൊടുത്തു ഇവിടെ കൊടുത്തു എന്നൊക്കെ പറയുന്നത് ഫേക്ക് വാർത്തയാണ്.

ആരും എവിടെയും കൊടുത്തിട്ടില്ല. വലിയൊരു ഗ്രൂപ്പ് കൊടുത്തുവെന്ന് പറ‍യുന്നത് ആകെ 4 ലക്ഷം രൂപയാണ്. ഇതിന്‍റെ കണക്ക് പ്രസിഡന്‍റ് പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് നിന്ന് മൊത്തം മൂന്നിലൊന്ന് കളക്ഷനാണ് കിട്ടിയത്. നമ്മൾ കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. ആരുമായിട്ടും ആർക്കും മറ്റ് ബന്ധങ്ങളൊന്നും തന്നെയില്ല. അതു കൊണ്ട് 2.5 ലക്ഷം രൂപ വീതം കൊടുക്കാൻ പറ്റുന്നവർ രണ്ട് ദിവസത്തിനകം ഗ്രൂപ്പിൽ ഇടുക. നിങ്ങളുടെ 10 പൈസക്ക് പോലും കണക്ക് കൃത്യമായി ബോധിപ്പിക്കും. വിശ്വാസമില്ലാത്തവർ അവരുടെ ഇഷ്ടം പോലെ ചെയ്യുക.

ഇതൊന്നും കൊടുക്കാതെ എല്ലാ കാര്യങ്ങളും ചെയ്യാമെന്ന് പറഞ്ഞ് പലരും വന്നതായിട്ട് പ്രസിഡന്‍റ് പറഞ്ഞു. അങ്ങനെയുള്ളവരുടെ കൂടെ കൂടി ആ രീതിയിൽ പോവുക. നമ്മൾ സഹകരിച്ചില്ലെങ്കിൽ വലിയ നാശത്തിലേക്കാണ് ഇത് പോകുന്നത്. ഇതെല്ലാവരോടും നേരത്തെ അറിയിച്ചെന്നേയുള്ളൂ. ഇത് പണ്ടത്തെ അവസ്ഥയിൽ വന്ന് കഴിഞ്ഞാൽ... നമ്മളെല്ലാം അതിനെ കുറിച്ച് ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്. ഇത്രയും പറഞ്ഞുകൊണ്ട് നിർത്തുന്നു. എല്ലാവരും അഭിപ്രായങ്ങൾ അറിയിക്കണം."

Tags:    
News Summary - Bar Scam: Full version of the voice message of Bar Owners State Vice President Animon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.