കൊണ്ടോട്ടി: നവകേരള സദസ്സില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും വിവിധ വകുപ്പ് മന്ത്രിമാരുമെത്തുമ്പോള്‍ അടിസ്ഥാന ആവശ്യങ്ങളില്‍ കൊണ്ടോട്ടിയോട് തുടരുന്ന അവഗണനക്ക് പരിഹാരമാകണമെന്ന ആവശ്യം ശക്തം. കരിപ്പൂരിലെ കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃനഗരവും കോഴിക്കോടിനും മലപ്പുറത്തിനുമിടയിലെ പ്രധാന നഗരവുമായ കൊണ്ടോട്ടിയില്‍ പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടക്കുന്ന നിരവധി ജനകീയ ആവശ്യങ്ങളാണുള്ളത്.
നിരന്തരം തുടരുന്ന ഗതാഗത കുരുക്ക്, അശാസ്ത്രീയമായ റോഡുകള്‍, പ്രധാന സര്‍ക്കാര്‍ ഓഫിസുകളെല്ലാം ഒരു കുടക്കീഴില് കൊണ്ടുവരുന്ന മിനി സിവില്‍ സ്റ്റേഷന്, അഗ്നി രക്ഷ നിലയം, ചീക്കോട് കുടിവെള്ള വിതരണ പദ്ധതിയുടെ പൂര്‍ത്തീകരണം, പൈതൃക ടൂറിസം പദ്ധതി തുടങ്ങി മണ്ഡലത്തിന്റെയും നഗരത്തിന്റെയും നിരവധി അടിസ്ഥാന ആവശ്യങ്ങളാണ് പരിഹരിക്കപ്പെടാതെയുള്ളത്. ഇത്തരം ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ.
നഗരമധ്യത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ കഴിഞ്ഞതവണ സർക്കാർ പ്രഖാപിച്ച ഓവര്‍ബ്രിഡ്ജ് വാക്കിലൊതുങ്ങി. 2021-22 സംസ്ഥാന ബജറ്റിലായിരുന്നു പ്രഖ്യാപനം. ഇപ്പോഴും പദ്ധതി നിശ്ചലമാണ്. ബൈപാസുകള്‍ വേണ്ടത്രയില്ലാത്ത നഗരത്തില്‍ ദേശീയപാതയില്‍ ഓവര്‍ബ്രിഡ്ജ് വരികയാണെങ്കില്‍ നിലവിലെ പ്രശ്നങ്ങള്‍ക്ക് വലിയ അളവില്‍ പരിഹാരമാകും.
രാപകലില്ലാതെ തുടരുന്ന ഗതാഗത കുരുക്കും അശാസ്ത്രീയമായ റോഡുകളും വിമാനത്താവളത്തിലേക്കുള്പ്പെടെയുള്ള യാത്രക്കാരെയും തദ്ദേശീയരെയും ഒരുപോലെ വലക്കുകയാണ്. കോഴിക്കോട്-പാലക്കാട് ദേശീയപാതയും മണ്ഡലത്തിലെ പ്രധാന സംസ്ഥാന പാതകളും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിപ്പെടാനുള്ള പ്രാദേശിക പാതകളുമെല്ലാം വെള്ളക്കെട്ടില്‍ തകരുന്നത് പതിവാണ്. താൽക്കാലികമായുള്ള കുഴിയടക്കലല്ലാതെ പ്രധാന പാതകള്‍ ശാസ്ത്രീയമായി നവീകരിക്കാന്‍ നടപടിയില്ലാത്തത് ഗതാഗത കുരുക്കിനും ഇടയാക്കുന്നു. ബൈപാസ് റോഡിനു പുറമെ മേലങ്ങാടി-കരിപ്പൂര്‍ റോഡിലും എടവണ്ണപ്പാറ റോഡിലും അരീക്കോട് റോഡിലും സ്ഥിതി വ്യത്യസ്തമല്ല.
താലൂക്ക് ഓഫിസ് ഉള്‍പ്പെടെ കൊണ്ടോട്ടിയിലെ പ്രധാന സര്‍ക്കാര്‍ ഓഫിസുകളെല്ലാം ഒരു കുടക്കീഴിലാക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത നിർദിഷ്ഠ മിനി സിവില്‍ സ്റ്റേഷന് കെട്ടിടമൊരുക്കുന്നത് സ്ഥലം സംബന്ധിച്ച തീരുമാനം വൈകുന്നതിനാല്‍ അനിശ്ചിതത്വത്തില്‍. നഗരമധ്യത്തിലെ മത്സ്യ മൊത്ത വിപണന മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന സ്ഥലം സിവില്‍ സ്റ്റേഷന് കെട്ടിടമൊരുക്കുന്നതിന് അനുയോജ്യമാണെന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എ, ജില്ല കലക്ടര്‍ വി.ആര്. വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംഘം വിലയിരുത്തിയിരുന്നു. എന്നാല്‍ മാര്‍ക്കറ്റ് നിലവിലെ സ്ഥലത്തുനിന്ന് മാറ്റുന്നതിനെതിരെ സംഘടനകള്‍ രംഗത്തെത്തിയതോടെ വിഷയത്തില്‍ തീരുമാനം വൈകുകയാണ്.
നിലവിലെ മത്സ്യ മാര്‍ക്കറ്റ് ഇല്ലാതാക്കി സിവില്‍ സ്റ്റേഷന് കെട്ടിടം നിർമിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ബഹുഭൂരിപക്ഷം തൊഴിലാളി സംഘടനകളും. ഇതേ നിലപാടുതന്നെ കഴിഞ്ഞ ദിവസം സി.പി.ഐയും സ്വീകരിച്ചിരുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വിധത്തില്‍ നഗരമധ്യത്തില്‍ തന്നെയാണ് സിവില്‍ സ്റ്റേഷന് കെട്ടിടം ഒരുക്കേണ്ടതെന്ന് വ്യാപാരികളും ആവശ്യപ്പെടുന്നു. സിവില്‍ സ്റ്റേഷനായി കണ്ടെത്തിയ ആറ് ഇടങ്ങള്‍ നേരിട്ട് പരിശോധിച്ച ശേഷമാണ് മത്സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന സ്ഥലമാണ് സിവില്‍ സ്റ്റേഷന് അനുയോജ്യമെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം നിലപാടെടുത്തിരുന്നത്.
പത്ത് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതിയാണ് സ്ഥലം ലഭ്യമല്ലെന്ന കാരണത്താല്‍ നീളുന്നത്. കൊണ്ടോട്ടി താലൂക്ക് ഓഫിസ്, എക്സൈസ് ഓഫിസ്, സപ്ലൈ ഓഫിസ്, ലേബര്‍ ഓഫിസ്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസ്, ലീഗല്‍ മെട്രോളജി, മൈനര്‍-മേജര്‍ ഇറിഗേഷന്‍ ഓഫിസുകള്‍ എന്നിവയെല്ലാം പരിമിത സൗകര്യങ്ങളില്‍ വാടക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.
തീപിടുത്ത ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന കൊണ്ടോട്ടി മേഖലയില്‍ അഗ്നി രക്ഷാസേനയുടെ യൂനിറ്റ് അനുവദിക്കണമെന്ന ആവശ്യത്തിന് അവഗണന നീളുന്നു. ജില്ലയിലെ പ്രധാന വാണിജ്യ നഗരമായ കൊണ്ടോട്ടിയില്‍ തീപിടുത്തമടക്കം ദുരന്തങ്ങളുണ്ടാകുമ്പോള്‍ കൊണ്ടോട്ടി കേന്ദ്രീകരിച്ച് സ്റ്റേഷന് വേണമെന്ന ആവശ്യമുയരുന്നതിലപ്പുറം ഇക്കാര്യത്തില്‍ കാര്യക്ഷമമായ ഇടപെടലുകളും സര്‍ക്കാര്‍ തലത്തിലുള്ള തീരുമാനങ്ങളും വൈകുന്നത് നഗരത്തിന് ഭീഷണിയാകുകയാണ്.
അഗ്നിബാധയുണ്ടാകുമ്പോള്‍ മലപ്പുറം, മഞ്ചേരി, മീഞ്ചന്ത തുടങ്ങിയ ഭാഗങ്ങളില്‍ നിന്നാണ് അഗ്നി രക്ഷ സേന യൂനിറ്റുകള്‍ എത്താറ്. സ്ഥലവും കെട്ടിടവും അനുവദിക്കുകയാണെങ്കില്‍ സ്റ്റേഷന് ആരംഭിക്കുന്നത് പരിഗണിക്കാമെന്ന് വകുപ്പുമന്ത്രി അറിയിച്ചിരുന്നു. സ്ഥലം കണ്ടെത്താമെന്ന് അറിയിച്ചിട്ടും നടപടികള്‍ അകാരണമായി വൈകുകയാണെന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.