തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കൊപ്പം ഡെങ്കിയും എലിപ്പനിയും പടരുന്നു. മൂന്നു ദിവസത്തിനിടെ 150 പേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. 20 പേർക്ക് എലിപ്പനിയുണ്ട്. മലേറിയ, ഷിഗല്ല, ഹെപ്പറ്റൈറ്റിസ്- എ എന്നിവയും ആശങ്ക പരത്തുന്നു.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. മഴ തുടരുന്നതിനാല്‍ ഡെങ്കിക്കും എലിപ്പനിക്കും സാധ്യതയുള്ളതിനാൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകി. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ചളിയിലോ മലിനജലത്തിലോ ഇറങ്ങേണ്ടി വന്നാല്‍ എലിപ്പനി പ്രതിരോധ ഗുളികയായ ‘ഡോക്സിസൈക്ലിന്‍’ കഴിക്കണം. മൂന്നു ദിവസത്തിനിടെ പതിനായിരത്തോളം പേർക്കാണ് പകർച്ചപ്പനി സ്ഥിരീകരിച്ചത്.
കഴിഞ്ഞമാസം 1150 പേർക്കാണ് ഡെങ്കി ബാധിച്ചത്. അതിൽ മൂന്നുപേർ മരിച്ചു. 3760 പേർ ഡെങ്കിക്ക് സമാനമായ ലക്ഷണങ്ങളുമായി ചികിത്സ തേടി. അതിൽ 10 പേർ മരിച്ചു. എലിപ്പനി സ്ഥിരീകരിച്ച 192 പേരിൽ എട്ടു പേർ മരിച്ചു. സമാന ലക്ഷണങ്ങളുമായി ചികിത്സതേടിയ 121 പേരിൽ അഞ്ചു മരണവും ഉണ്ടായി.
മധ്യകേരളത്തിലും വടക്കൻ കേരളത്തിലും വളരെ വ്യാപകമായി ഹെപ്പറ്റൈറ്റിസ്-എ പടരുകയാണ്. 2441 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 18 പേർ മരിച്ചു. കൂടാതെ, സമാനലക്ഷണവുമായി 6507 പേർ ചികിത്സതേടിയതിൽ 18 പേർ മരിച്ചു. ഇതിനു പുറമെ, വെസ്റ്റനൈൽ വൈറസും ഭീഷണിയായി കടന്നെത്തി. ഒമ്പതു പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ ഒരാൾ മരണത്തിനു കീഴടങ്ങി. 22 പേർ സമാനലക്ഷണവുമായി ചികിത്സ തേടിയതിൽ മൂന്നുപേർക്ക് ജീവഹാനിയുണ്ടായി.
കഴിഞ്ഞമാസം മാത്രം 55 പേർക്കാണ് മലേറിയ ബാധിച്ചത്. അതിൽ ഒരാൾ മരിച്ചു. സംസ്ഥാനത്ത് 20 പേരിൽ ഷിഗല്ല സ്ഥിരീകരിച്ചതിൽ രണ്ടു മരണം സ്ഥിരീകരിച്ചു. പുതുതായി രണ്ടുപേർക്കുകൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.