കണ്ണൂർ: ഓൺലൈനിൽ ഓഹരി വ്യാപാരം സംബന്ധിച്ച അന്വേഷണം നടത്തുമ്പോഴും പണം നിക്ഷേപിക്കുമ്പോഴും വെബ്സൈറ്റുകൾ വഴി സാധനം വാങ്ങുമ്പോഴും അതീവ ശ്രദ്ധ വേണമെന്ന മുന്നറിയിപ്പുമായി സൈബർ പൊലീസ്. ഷെയർ ട്രേഡിങ് പ്ലാറ്റ്ഫോമിൽ പണം നിക്ഷേപിക്കാൻ താൽപര്യം പ്രകടിപ്പിച്ച ന്യൂമാഹി സ്വദേശിക്ക് സൈബർ തട്ടിപ്പിലൂടെ 32.5 ലക്ഷം രൂപയാണ് നഷ്ടമായത്. പരാതിക്കാരൻ ആദിത്യ ബിർള ക്യാപിറ്റൽ ഷെയറിന്റെ വ്യാജ വെബ്സൈറ്റ് സന്ദർശിക്കുകയും കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെടുകയും ചെയ്തു. അവരുടെ ഉപദേശപ്രകാരം വിവിധ ഇടപാടുകളിലായാണ് തുക നഷ്ടമായത്.
മറ്റൊരു കേസിൽ ഇന്ത്യ മാർട്ട് പ്ലാറ്റ്ഫോമിൽ സാധനം വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് പച്ചക്കറി വ്യാപാരി എന്ന വ്യാജേന ബന്ധപ്പെട്ടയാൾ പരാതിക്കാരനിൽനിന്ന് 1.43 ലക്ഷം രൂപ തട്ടിയെടുത്തു.
യഥാർഥ വ്യാപാരിയാണെന്ന് വിശ്വസിപ്പിച്ച് പച്ചക്കറി ഓർഡർ ചെയ്യിപ്പിക്കുകയും തുക കൈമാറാൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ, ഓർഡർ ചെയ്ത സാധനം ലഭിച്ചില്ല. എസ്.ബി.ഐ ക്രെഡിറ്റ് കാർഡിൽ നിന്നുള്ള സ്റ്റാഫ് എന്ന നിലയിൽ ന്യൂമാഹി സ്വദേശിയെ അപേക്ഷകനെ ബന്ധപ്പെട്ടയാൾ തട്ടിയത് 89,142 രൂപയാണ്.
. എസ്.ബി.ഐ യോനോ റിവാർഡ് പോയന്റ് റഡീം ചെയ്യുന്നതിനായി ഫോണിൽ വന്ന സന്ദേശത്തിൽ കണ്ട ലിങ്കിൽ ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയതിനെ തുടർന്ന് കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായ യുവതിക്ക് കഴിഞ്ഞയാഴ്ച അക്കൗണ്ടിൽ നിന്നും 25,000 രൂപ നഷ്ടപ്പെട്ടിരുന്നു.
എച്ച്.ഡി.എഫ്.സി സ്മാർട്ട് ഫണ്ടിങ്ങിൽ പണം നിക്ഷേപിച്ചാൽ ഉയർന്ന ലാഭം ലഭിക്കുന്ന നിക്ഷേപ പദ്ധതി ഉണ്ടെന്ന വ്യാജ വാഗ്ദാനത്തിൽ വിശ്വസിപ്പിച്ച് കണ്ണൂർ കൊറ്റാളി സ്വദേശിനിയിൽനിന്ന് 1.99 ലക്ഷം രൂപ ഓൺലൈൻ വഴി തട്ടിയെടുത്ത കേസിൽ കൊല്ലം സ്വദേശി വിനീത് കുമാറിനെ കഴിഞ്ഞദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
ഇത്തരം ഓൺലൈൻ തട്ടിപ്പിൽ നിങ്ങൾ ഇരയാവുകയാണെങ്കിൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930 ൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യാം. പൊലീസ് സ്റ്റേഷനിലോ സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള http://www.cybercrime.gov.in പോര്‍ട്ടലിലൂടെയോ പരാതി രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.