കൽപറ്റ: ചണ്ണംകൊല്ലി ഇറുമുക്കി കാട്ടുനായ്ക്ക കോളനിയിലെ മൂന്നംഗ കുടുംബം കക്കൂസ് കിടപ്പുമുറിയാക്കിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്ത് അധികൃതരിൽനിന്ന് വിശദീകരണം തേടി. ഇറുമുക്കി കാട്ടുനായ്ക്ക കോളനിയിലെ അനീഷും ഭാര്യ സന്ധ്യയും മകൻ അഖിലേഷും ഉൾപെടുന്ന മൂന്നംഗ കുടുംബം കക്കൂസ് മുറി കിടപ്പുമുറിയാക്കിയ ദുരവസ്ഥ കഴിഞ്ഞ ദിവസം ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
അടുത്ത മഴക്കാലത്തിനു മുമ്പ് ഇവർക്ക് അടച്ചുറപ്പുള്ള വീട് നൽകുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ആവശ്യപ്പെട്ടു. സാമൂഹികനീതി വകുപ്പ് ഡയറക്ടറും വയനാട് ജില്ല കലക്ടറും ജില്ല പട്ടികവർഗ വികസന ഓഫിസറും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം വിശദീകരണം നൽകണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
തകർന്നു വീഴാറായ കക്കൂസിൽ വന്യമൃഗങ്ങളെ പേടിച്ചാണ് ഇവർ കഴിയുന്നത്. റേഷൻ കാർഡോ സ്വന്തമായി ഒരു തുണ്ടു ഭൂമിയോ ഇല്ല. ഭൂമിക്കായി ഇവർ പലവാതിലുകളും മുട്ടിയെങ്കിലും തുറന്നില്ല. കേസ് ജൂണിൽ നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.