അറ്റ്ലസ് ഗ്രൂപ്പ് മേധാവി രാമചന്ദ്രൻ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ദുബൈയിൽ നിര്യാതനായത്. ബിസിനസ് ജീവിതത്തിനിടെ, അവസാന കാലങ്ങളിൽ ഒട്ടേറെ കൈപ്പേറിയ അനുഭവങ്ങൾ അദ്ദേഹത്തിന് ജീവിതത്തിൽ ഉണ്ടായി. ഏറെ കാലം വിദേശ രാജ്യത്ത് ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചന പ്രവാഹമാണ് നിലവിൽ. ഇതിനിടെ, ചാനലുകളിൽ സാമൂഹിക-രാഷ്ട്രീയ വിമർശകനായ അഭിഭാഷകൻ ജയശങ്കർ പങ്കുവെച്ച ആക്ഷേപഹാസ്യ അനുശോചനം ആണ് ഇപ്പോൾ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്. അറ്റ്ലസ് രാമചന്ദ്രന്റേത് പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച ജീവിതം എന്നാണ് ജയശങ്കർ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ എഴുതിയിരിക്കുന്നത്. ഇതിനെതിരെ നിരവധി പേർ രംഗത്തെത്തി. അന്തരിച്ച പ്രമുഖ വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രന് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ട് നിരവധി പേർ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഷെയർ ചെയ്തിരുന്നു.
'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം.. ഒരുകാലത്ത് ടെലിവിഷന്‍ പ്രേക്ഷകരെ ചിരിപ്പിച്ച മുഖവും സ്വരവുമായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍. ഇന്ത്യാവിഷന്‍ ചാനലിന്റെ ഡയറക്ടര്‍ ആയിരുന്നു. ഇടക്കാലത്ത് ചില സിനിമകളിലും മുഖം കാട്ടി. പിന്നീട് ബിസിനസ് തകര്‍ന്നു, ജയില്‍ വാസം അനുഭവിച്ചു. പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലി.'
അതിരൂക്ഷമായ ഭാഷയിലാണ് ചിലർ ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയത്. 'ഒരാള്‍ മരിച്ച് കിടക്കുമ്പോള്‍ പോലും അയാളെ പരിഹസിക്കുകയും അപഹസിക്കുകയും ചെയ്യുന്ന തന്നെപ്പോലുള്ള ഇരുകാലികളാണ് കേരള സമൂഹത്തിലെ പ്രഹസനവും ദുരന്തവും'. എന്ന് തുടങ്ങി ഒട്ടേറെ വിമർശനാത്മകമായ കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.