കണ്ണൂർ: സർക്കാർ ഓഫിസുകളിലെത്തുന്ന സാധാരണക്കാരോട് ഉദ്യോഗസ്ഥർ വിനയപൂർവം പെരുമാറണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അംഗം കെ. ബൈജുനാഥ്. നാളെ തനിക്കോ കുടുംബാംഗത്തിനോ മറ്റൊരു ഓഫിസിൽ ഒരാവശ്യവുമായി ചെല്ലേണ്ടി വരുമെന്ന ബോധം ഓരോ സർക്കാർ ജീവനക്കാരനുമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശ കമീഷെൻറ ആഭിമുഖ്യത്തിൽ ജില്ല ഭരണകൂടം സംഘടിപ്പിച്ച, മനുഷ്യാവകാശ കമീഷെൻറ നടപടികളെക്കുറിച്ചുള്ള ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാർ ജീവനക്കാർ വിചാരിച്ചാൽ വലിയ പരിധിവരെ മനുഷ്യാവകാശ ലംഘനങ്ങൾ തടയാം. യഥാസമയം പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകിയാൽ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. സാധാരണക്കാരുടെ ആവശ്യങ്ങളാണ് കലക്ടറേറ്റുകളിൽ കൈകാര്യം ചെയ്യുന്ന ഫയലുകളിൽ അധികമെന്നും ഓരോ ഫയലും സമയബന്ധിതമായി പരിഹരിക്കുമ്പോൾ പരാതി നൽകിയവരുടെ അവകാശങ്ങൾ നമ്മൾ ആദരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടർ ടി.വി. രഞ്ജിത്ത്, ജില്ല സാമൂഹിക നീതി ഓഫിസർ എം. അഞ്ജു മോഹൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.