പത്തനംതിട്ട: ബിലീവേഴ്സ് ചർച്ച് സഭാധിപൻ ഡോ. കെ.പി. യോഹന്നാൻ മെത്രാപ്പോലീത്ത നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് ആദായനികുതി വകുപ്പ് നോട്ടീസ് നൽകി. തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് ചൊവ്വാഴ്ച ആദായനികുതി വകുപ്പ് വീണ്ടും നടത്തിയ പരിശോധനയിൽ രണ്ടര കോടി രൂപകൂടി കണ്ടെടുത്തു.
ഈ മാസം 23ന് രാവിലെ 11ന് കൊച്ചിയിലെ ആദായനികുതി വകുപ്പ് ഓഫിസിൽ ഹാജരാകാനാണ് തിരുവല്ലയിലെ സഭാ അധികൃതർക്ക് നോട്ടീസ് കൈമാറിയത്. യോഹന്നാൻ ഇപ്പോൾ അമേരിക്കയിലെ ടെക്സസിലെ ഗോസ്പൽ ഫോർ ഏഷ്യ ആസ്ഥാനത്താണ്.
രണ്ടര കോടികൂടി കണ്ടെടുത്തതോടെ സഭയുടെ വിവിധ ഓഫിസുകളിൽനിന്ന് ഇതുവരെ പിടികൂടിയ തുക 17 കോടിയായെന്ന് ആദായ നികുതി വകുപ്പ് അധികൃതർ പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ലഭിച്ച പണം റിയൽ എസ്റ്റേറ്റ് ബിസിനസിലടക്കം വിനിയോഗിച്ചു, വിദേശനാണ്യ വിനിമയ നിയന്ത്രണ, വിദേശ സംഭാവന നിയന്ത്രണ ചട്ടങ്ങൾ എന്നിവ ലംഘിച്ചു തുടങ്ങിയ ക്രമക്കേടുകളാണ് കണ്ടെത്തിയത്.
ആകെ 300 കോടിയുടെ ക്രമക്കേട് കണ്ടെത്തിയതായാണ് സൂചന. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും സഭക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്.സി.ആർ.എ) സെക്ഷൻ(40) അനുസരിച്ച് ഒരുകോടി രൂപയിലേറെയുള്ള ക്രമക്കേടുകൾ സി.ബി.ഐ അന്വേഷിക്കണമെന്നാണ് വ്യവസ്ഥ. അതനുസരിച്ച് സി.ബി.ഐയും അന്വേഷണത്തിന് എത്തുമെന്ന് സൂചനയുണ്ട്.
കഴിഞ്ഞ അഞ്ചിനാണ് ആദായനികുതി വകുപ്പ് ബിലീവേഴ്സ് ചർച്ച് സ്ഥാപനങ്ങളിൽ റെയ്ഡ് തുടങ്ങിയത്. നാലുദിവസത്തെ റെയ്ഡ് അവസാനിപ്പിച്ച് ഒമ്പതിന് സംഘം മടങ്ങി. ഓഫിസിലെ പല മുറികളും സീൽ ചെയ്താണ് സംഘം മടങ്ങിയത്. ചൊവ്വാഴ്ച ഇവർ വീണ്ടും എത്തുകയായിരുന്നു.
ബിലീവേഴ്സ് ചർച്ചുമായി ബന്ധമുള്ള തിരുവല്ലയിലെ ഫ്ലാറ്റിൽനിന്നാണ് രണ്ടര കോടി പിടികൂടിയതെന്നറിയുന്നു. ക്രമക്കേടുകൾക്ക് പിഴ ഒടുക്കേണ്ടിവന്നാൽ വലിയ തുകയായിരിക്കും നൽകേണ്ടിവരുക. അറസ്റ്റുപോലുള്ള നടപടികൾ ആദായ നികുതി വകുപ്പ് സ്വീകരിക്കാറില്ല. അതേസമയം, ഇ.ഡി, സി.ബി.ഐ എന്നിവർക്ക് അത്തരം നടപടികളും സ്വീകരിക്കാം. 1988ലെ ബിനാമി ഇടപാട് തടയൽ നിയമം അനുസരിച്ചുള്ള നടപടികളും ഉണ്ടാകാമെന്ന് നിയമവിദഗ്ധർ പറയുന്നു.
വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിന് സഭക്കുണ്ടായിരുന്ന ലൈസൻസ് 2016ൽ റദ്ദാക്കിയിരുന്നു. അതിനാൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കപ്പെട്ടേക്കാമെന്ന് കരുതി പണമെല്ലാം പിൻവലിച്ച് ഓഫിസിൽ സൂക്ഷിച്ചിരിക്കുകയായിരുെന്നന്നാണ് സഭാ അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.