1. വീടിന്‍റെ മതിൽ തകർത്ത് വരുന്ന കാട്ടാന 2. കൊല്ലപ്പെട്ട അജീഷ്

കാട്ടാന ആക്രമണം: കൊല്ലപ്പെട്ട അജീഷിന്‍റെ കുടുംബത്തിന് 15 ലക്ഷം കർണാടകയുടെ ധനസഹായം

ബംഗളൂരു: വയനാട്ടിൽ കാട്ടാന കൊലപ്പെടുത്തിയ അജീഷിന്‍റെ കുടുംബത്തിന് കർണാടക സർക്കാറിന്‍റെ ധനസഹായം. അജീഷിന്‍റെ കുടുംബത്തിന് 15 ലക്ഷം രൂപയാണ് ധനസഹായമായി പ്രഖ്യാപിച്ചത്.

കർണാടക വനം മന്ത്രി ഈശ്വർ ഖന്ദ്ര വാർത്താകുറിപ്പിലാണ് ധനസഹായം പ്രഖ്യാപിച്ച വിവരം അറിയിച്ചത്. കർണാടകക്കാരനായി കണക്കാക്കിയാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വനം മന്ത്രി വ്യക്തമാക്കി. കർണാടകയിൽ നിന്ന് റേഡിയോ കോളർ ഘടിപ്പിച്ചെത്തിയ മോഴയാന ബേലൂര്‍ മഖ്‌നയാണ് അജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

അജീഷിന്‍റെ കുടുംബത്തിന് ധനസഹായമായി 10 ലക്ഷം രൂപയും ഭാര്യക്ക് സ്ഥിരം ജോലിയും മകളുടെ വിദ്യാഭ്യാസ ചെലവുകളും ഏറ്റെടുക്കുമെന്ന് കേരള സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ധനസഹായം ഇതുവരെ കൈമാറിയിട്ടില്ല.

അതേസമയം, കൊലയാളി മോഴയാന ബേലൂര്‍ മഖ്‌ന കേരളം കടന്ന് കർണാടകയിലെ നാഗർഹോളയിലെത്തി. കേരള- കർണാടക അതിർത്തിയിലെ പുഴ മുറിച്ച് കടന്നാണ് കാട്ടാന നാഗർഹോളയിൽ പ്രവേശിച്ചത്. വനാതിർത്തിയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് കാട്ടാന നിലവിലുള്ളത്.

ഉൾവനം ലക്ഷ്യമാക്കി ബേലൂര്‍ മഖ്‌ന നീങ്ങുന്നതായി റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലിൽ നിന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസമായി ബേലൂര്‍ മഖ്‌നക്കൊപ്പം ഉണ്ടായിരുന്ന മോഴയാന ഇപ്പോൾ കാട്ടാനക്കൊപ്പമില്ല.

ബേലൂര്‍ മഖ്‌ന കർണാടകയിലെ നാഗർഹോളയിലേക്ക് കടന്നതോടെ മയക്കുവെടി വെച്ച് പിടികൂടാനുള്ള നീക്കം പ്രതിസന്ധിയിലായി. കർണാടക വനത്തിൽ കയറി കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനോ തിരികെ കൊണ്ടു വരാനോ കേരള വനം വകുപ്പിന് സാധിക്കില്ല.

മയക്കുവെടി വെക്കാനുള്ള കേരള വനം വകുപ്പ് വാർഡന്‍റെ ഉത്തരവ് കേരളത്തിന്‍റെ ഭൂപ്രദേശത്ത് മാത്രമാണ് ബാധകമാവുക. കാട്ടാനയെ മയക്കുവെടിവെക്കാൻ കർണാടക വനം വകുപ്പ് ഉത്തരവിട്ടിട്ടില്ല.

മയക്കുവെടി വിദഗ്ധന്‍ വനം വെറ്ററിനറി സീനിയര്‍ സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ 200 അംഗ കേരള ദൗത്യസംഘവും 25 അംഗ കർണാടക വനപാലക സംഘവുമുള്‍പ്പെടെ 225 പേരാണ് കൊലയാളി ആനക്കായി തിരച്ചില്‍ നടത്തുന്നത്.

Tags:    
News Summary - Belur Makhna: Karnataka grants financial aid to Ajeesh's family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.