കൊച്ചി: ലൈഫ് മിഷൻ കോഴയിടപാടിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ഇടക്കാല ജാമ്യ ഹരജി പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറി. നേരത്തേ ജാമ്യ ഹരജി തള്ളിയ കോടതിതന്നെയാണ് നടപടിക്രമങ്ങളനുസരിച്ച് ഇടക്കാല ജാമ്യ ഹരജിയും പരിഗണിക്കേണ്ടതെന്ന് ഇ.ഡി കോടതിയിൽ വാദമുന്നയിച്ചതിനെ തുടർന്നാണ് ഹരജി പരിഗണിക്കുന്ന സിംഗിൾ ബെഞ്ച് പിന്മാറിയത്. അടുത്ത ദിവസം മറ്റൊരു ബെഞ്ച് ഇടക്കാല ജാമ്യ ഹരജിയിൽ വാദം കേൾക്കും.
കാൽമുട്ട് ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി മൂന്ന് മാസത്തെ ഇടക്കാല ജാമ്യം തേടി ശിവശങ്കർ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. വിചാരണക്കോടതി ഈ ആവശ്യം തള്ളിയതിനെത്തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.വടക്കാഞ്ചേരിയിൽ വീട് നിർമിച്ച് നൽകാൻ യു.എ.ഇ റെഡ് ക്രസന്റ് എന്ന സംഘടന നൽകിയ ഫണ്ടിൽനിന്ന് 4.5 കോടി രൂപ ശിവശങ്കർ ഉൾപ്പെടെ സ്വർണക്കടത്ത് കേസിലെ പ്രതികൾ കമീഷനായി കൈപ്പറ്റിയെന്നും ഒരു കോടി രൂപ ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നുമാണ് കേസ്. തുക ഡോളറാക്കി വിദേശത്തേക്ക് കടത്തിയത് വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനമാണെന്ന് ആരോപിച്ചാണ് ഇ.ഡി കേസ് എടുത്തത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കറിനെ കേസിൽ ഫെബ്രുവരി 14നാണ് അറസ്റ്റ് ചെയ്തത്.
ഇടക്കാല ജാമ്യം എന്ന ആവശ്യം നേരത്തേ പ്രത്യേക കോടതി തള്ളിയിരുന്നു. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. ശിവങ്കറിന്റെ ജാമ്യ ഹരജി നേരത്തേ ഹൈകോടതി തള്ളിയതിനെതിരായ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ ഹരജിയിൽ തീരുമാനം വൈകുന്നതിനാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇടക്കാല ജാമ്യത്തിന് കീഴ്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. വിചാരണക്കോടതി ഈ ഹരജി തള്ളിയതോടെയാണ് ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.