മികച്ച ചിത്രം തിരുനെല്ലിയുടെ 'നാരങ്ങാ മിട്ടായി' രണ്ടാമത്തെ ചിത്രം അട്ടപ്പാടിയുടെ 'ദാഹം'

കൊച്ചി: പ്രതിഭയുടെ മിന്നലാട്ടങ്ങളുമായി 'കനസ് ജാഗ' കുട്ടികളുടെ ഹ്രസ്വ ചലച്ചിത്ര മേളക്ക് പ്രൗഢോജ്ജ്വല സമാപനം. ആകെ 102 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകാഭിപ്രായം നേടിയതിന്‍റെ അടിസ്ഥാനത്തില്‍ വയനാട് തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ തയാറാക്കിയ 'നാരങ്ങാ മിട്ടായി' ഏറ്റവും മകച്ച ഹ്രസ്വ ചിത്രത്തിനുള്ള ജനപ്രിയ അവാര്‍ഡ് നേടി.

അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ നിര്‍മിച്ച 'ദാഹം'മികച്ച രണ്ടാമത്തെ ചിത്രത്തിനുളള അവാര്‍ഡ് നേടി. പറമ്പിക്കുളം ആദിവാസി സമഗ്ര വികസന പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ തയാറാക്കിയ നെറ്റ് വര്‍ക്ക് മികച്ച മൂന്നാമത്തെ ചിത്രത്തിനുളള അവാര്‍ഡും നേടി. എറണാകുളം സെന്‍റ് തെരേസാസ് കോളജിലെ മൂന്നു വേദികളിലായി പ്രദര്‍ശിപ്പിച്ച 102 ചലച്ചിത്രങ്ങളിലും മിന്നിത്തിളങ്ങിയത്.

സമാപന സമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന തദ്ദേശീയ മേഖലയിലെ കുട്ടികളുടെ സമഗ്ര വികാസത്തിനായി കനസ് ജാഗ പോലെ ഹ്രസ്വ ചിത്ര നിര്‍മാണവും പ്രദശനവും നടത്താനുള്ള സംവിധാനമൊരുക്കിയ കുടുംബശ്രീയുടേത് അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

ശക്തമായ ഉള്ളടക്കം കൊണ്ട് സമ്പന്നമായ ചിത്രങ്ങളാണ് മേളക്കെത്തിയത് എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും തിരഞ്ഞെടുത്ത കുട്ടികള്‍ക്ക് ഈ രംഗത്ത് മികച്ച രീതിയിലുള്ള പരിശീലനങ്ങള്‍ ലഭ്യമാക്കി അവരുടെ കഴിവുകളെ പരിപോഷിപ്പിക്കാനാവും. തദ്ദേശീയ മേഖലയിലെ കുട്ടികള്‍ ഒരേ സമയം ഏറ്റവും കൂടുതല്‍ സിനിമകള്‍ തയാറാക്കി പ്രദര്‍ശിപ്പിച്ചതിനുള്ള ടാലന്‍റ് വേള്‍ഡ് റെക്കോഡ് മന്ത്രി പി.രാജീവിന് ഓള്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ് ഹോള്‍ഡേഴ്സ് സംസ്ഥാന പ്രസിഡന്‍റ് ഗിന്നസ് സത്താര്‍ ആദൂര്‍ കൈമാറി. തുടര്‍ന്ന് അവാര്‍ഡ് മന്ത്രി കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി.ശ്രീജിത്തിന് നല്‍കി.

പരിപാടിയിൽ മേയര്‍ അഡ്വ.എം അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഏറ്റവും മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ തിരുനെല്ലി ടീമിന് 25,000 രൂപയുടെ ക്യാഷ് പ്രൈസും മെമന്‍റോയും, രണ്ടാമത്തെ ചിത്രത്തിനുളള അവാര്‍ഡ് നേടിയ അട്ടപ്പാടി ടീമിന് 15,000 രൂപ ക്യാഷ് പ്രൈസും മെമന്‍റോയും, മികച്ച മൂന്നാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ പറമ്പിക്കുളം ടീമിന് 10,000 രൂപ ക്യാഷ് പ്രൈസും മെമന്‍റോയും ഉള്‍പ്പെടുന്ന അവാര്‍ഡ് ചലച്ചിത്ര താരവും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ വിതരണം ചെയ്തു.

Tags:    
News Summary - Best Film Tirunelli's 'Naranga Mittai' Second Film Attappadi's 'Daham'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.