തിരുവനന്തപുരം: സ്ത്രീകൾക്കെതിരെ അധിക്ഷേപ പരമാർശങ്ങൾ നടത്തിയ യൂട്യൂബർ വിജയ് പി. നായർക്കെതിരെ പ്രതികരിച്ചതിന് തങ്ങൾക്കെതിരെ കേസെടുത്ത് ജയിലിലടച്ചാൽ അഭിമാനത്തോടെ ജയിലിലേക്ക് േപാകുമെന്നും രക്തസാക്ഷിയാവാൻ മടിയില്ലെന്നും ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി. തങ്ങളുടെ പ്രവർത്തിയുടെ പേരിൽ ഒരു നിയമ ഭേദഗതി വരുകയാണെങ്കിൽ വരട്ടെയെന്നും അല്ലെങ്കിൽ ഇനിയും ഭാഗ്യലക്ഷ്മിമാർ ഉണ്ടാകുമെന്നും അവർ പറഞ്ഞു. ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്തതിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.
''ഞങ്ങൾക്കെതിരെ കേസെടുക്കുമെന്ന് അറിയാമായിരുന്നു. ഞങ്ങൾ വളരെ പരസ്യമായാണ് അവിടെ പോയത്. ഫേസ്ബുക്ക് ലൈവ് വഴിയാണ് ഇക്കാര്യം ആളുകളിലേക്ക് എത്തിച്ചത്. ഇന്ത്യയിൽ നിയമവ്യവസ്ഥ അത്രമാത്രം മോശമാണെന്ന് മനസ്സിലായതുകൊണ്ടാണ് അങ്ങനെ ചെയ്തത്. എല്ലാത്തിനും വാർത്താസമ്മേളനം വിളിച്ചു ചേർക്കലും അടിയും നടക്കുന്നുണ്ട്. എന്നാൽ സ്ത്രീകളുടെ സുരക്ഷിതത്വത്തിന് വേണ്ടിയും സൈബർ നിയമത്തിന് വേണ്ടിയും ആരെങ്കിലും ചെറുവിരലനക്കുന്നുണ്ടോ'' -ഭാഗ്യലക്ഷ്മി ചോദിച്ചു.
ശാന്തിവിള ദിനേശ് എന്നയാൾ മലയാള സിനിമയിലെ സകല സ്ത്രീകളെ കുറിച്ചും പുരുഷൻമാരെ കുറിച്ചും പുലഭ്യം പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരാൾ പോലും അതിനെതിരെ പ്രതികരിച്ചിട്ടില്ല. വിജയ് പി. നായരുടെ വീഡിയോ കഴിഞ്ഞ ഒരു മാസമായിട്ട് ലക്ഷക്കണക്കിന് പേർ കണ്ടിരിക്കുന്നു. ആർക്കും അതിനെതിരെ പ്രതികരിക്കാൻ തോന്നിയില്ല. പൊലീസുകാർ പോലും അതിനെതിരെ ചെറുവിരലനക്കിയില്ല. തങ്ങൾ അത് ചോദ്യം ചെയ്തത് കുറ്റമാണെങ്കിൽ അഭിമുഖീകരിക്കാൻ തയാറാണ്. ജാമ്യമില്ലാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് തന്നെ ജയിലിൽ കൊണ്ടുപോവുകയാണെങ്കിൽ തനിക്ക് തലയിൽ മുണ്ടിട്ട് പോകേണ്ടതില്ലെന്നും ഭാഗ്യലക്ഷ്മി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.