തൃശൂർ: തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ അരി രാഷ്ട്രീയം തിളച്ചുമറിയുന്നു. കിലോക്ക് 29 രൂപ നിരക്കിലാണ് ഭാരത് അരിയുടെ വിൽപന. ഭാരത് അരി വിശപ്പ് മാറ്റാനല്ല, വോട്ട് പിടിക്കാനാണെന്ന് തൃശൂരിലെ സി.പി.ഐ സ്ഥാനാർഥിയാവുമെന്ന് പ്രതീക്ഷിക്കുന്ന വി.എസ്. സുനിൽകുമാർ പറഞ്ഞു. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ആരോപണത്തെ സാധൂകരിക്കുന്നതാണ് തൃശൂരിൽ അരി വിതരണത്തിൽ പ്രകടമാകുന്നത്.
ബി.ജെ.പി നേതാക്കളാണ് അരി വിതരണത്തിന്റെ ഉദ്ഘാടനവും ഏകോപനവുമെല്ലാം നടത്തുന്നത്. വെള്ളിയാഴ്ച തൃശൂർ നഗരത്തിലെ അരിവിതരണോദ്ഘാടനം ബി.ജെ.പിയുടെ ജില്ല ജനറൽ സെക്രട്ടറി കെ.ആർ. ഹരി, കോർപറേഷനിലെ ബി.ജെ.പി കൗൺസിലറും ബി.ജെ.പിയുടെ ജില്ല സെക്രട്ടറിയുമായ ഡോ. വി. ആതിരയുടെ അമ്മക്ക് കൈമാറിയാണ് നിർവഹിച്ചത്.
‘തൃശ്ശൂരിനെ ഇങ്ങ് എടുക്കാൻ 24രൂപയുടെ അരി 29 രൂപക്ക് നൽകുന്നു’
സപ്ലെെകോ വഴി 24രൂപക്ക് വിതരണം ചെയ്യുന്ന അരിയാണ് കേന്ദ്രം ഭാരത് അരിയെന്ന നിലയിൽ 29 രൂപക്ക് നൽകുന്നതെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. സംസ്ഥാനത്ത് 14,250 കേന്ദ്രങ്ങളില്‍ റേഷന്‍ കടകളുണ്ട്. ഈ രീതിയില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന സംവിധാനമുള്ള സാഹചര്യത്തിലാണ് തൃശ്ശൂരിനെ ഇങ്ങ് എടുക്കാന്‍വേണ്ടി കേന്ദ്രം അരി വിതരണം നടത്തുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി.
നിലവിൽ, റേഷൻ കടയിൽ ലഭിക്കുന്ന അരിയാണ് 29 രൂപക്ക് ഭാരത് അരി എന്ന പേരിൽ വിതരണം ചെയ്യുന്നത്. റേഷന്‍ കടയില്‍ കിട്ടുന്ന ചമ്പാ അരിയല്ല ഇത്. മറിച്ച്, ചാക്കരി എന്ന് നാട്ടില്‍ പറയുന്ന അരിയാണ്. അല്ലാതെ, കൂടിയ ജയ അരി ഒന്നുമല്ല. ഇതേ അരിയാണ് 24 രൂപക്ക് സപ്ലൈക്കോ വഴി നൽകുന്നത്. ഇതേ അരിയാണ് നാല് രൂപയ്ക്ക് റേഷന്‍ കടവഴി നീല കാര്‍ഡുകാര്‍ക്കും 10.90 പൈസക്ക് വെള്ള കാർഡുകാർക്കും നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ബി.ജെ.പി പ്രതീക്ഷ വെക്കുന്ന മണ്ഡലമായ തൃശൂരിൽ തന്നെ കേന്ദ്രസർക്കാറിന്റെ ഭാരത് അരി വിതരണത്തിന് തെരഞ്ഞെടുത്തതിന് പിന്നിൽ രാഷ്ട്രീയമാണെന്ന ആരോപണം ഇടതുപക്ഷം ഉയർത്തിക്കഴിഞ്ഞു. സഞ്ചരിക്കുന്ന വാഹനങ്ങളില്‍ ജില്ലയിലെ കൂടുതല്‍ ഇടങ്ങളില്‍ അരി എത്തിക്കുന്നുണ്ട്. നാഷനൽ കോ ഓപറേറ്റിവ് കൺസ്യൂമർ ഫെഡറേഷനാണ് വിതരണച്ചുമതല. സംസ്ഥാനത്ത് നിലവിൽ തൃശൂർ കേന്ദ്രീകരിച്ച് മാത്രമാണ് അരി വിതരണം നടക്കുന്നത്. വൻതോതിൽ ആളുകളെ എത്തിച്ചും ബൂത്ത് തലത്തിൽ പ്രവർത്തകരെ ചുമതല ഏൽപിച്ചുമാണ് വിതരണ പ്രവർത്തനം.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കിറ്റ് നൽകിയാണ് ഇടതുപക്ഷം വോട്ട് നേടിയതെന്ന് വിമർശിച്ച കോൺഗ്രസ് ഇപ്പോൾ ഇതേ ആക്ഷേപം ഭാരത് അരി വിതരണത്തെ ചൂണ്ടി ബി.ജെ.പിക്ക് നേരെയും ഉയർത്തുന്നുണ്ട്.
റേഷൻ കടകൾ മുഖേന 10 രൂപ നിരക്കിൽ വിതരണം ചെയ്യേണ്ട അരി ലഭിക്കാൻ ഓപൺ ടെൻഡറിൽ സപ്ലൈകോക്ക് പങ്കെടുക്കാൻ അനുമതി നിഷേധിച്ച് കേരളത്തിന് അർഹമായത് വെട്ടിച്ചുരുക്കി 29 രൂപക്ക് ഭാരത് അരി വിതരണം ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന വിമർശനം ഇടതുപക്ഷം ഉയർത്തുന്നു. വരുംനാളുകളിൽ അരിയുടെ പേരിലുള്ള പോര് കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.