തിരുവനന്തപുരം: മോദി ഭരണകൂടം ഒരിക്കല്‍ക്കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ കാത്തിരിക്കുന്നത് മഹാദുരന്തമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആൻറണി. അതിന് തടയിടുകയാണ് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വം. കോണ്‍ഗ്രസ് 139ാം സ്ഥാപകദിനത്തോടനുബന്ധിച്ച് കെ.പി.സി.സി ആസ്ഥാനത്ത് പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും കോണ്‍ഗ്രസ് കൂടുതല്‍ കരുത്താർജിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇല്ലെങ്കില്‍ രാജ്യം മഹാവിപത്തിലേക്ക് പോകും. ഭരണഘടനാ മൂല്യങ്ങള്‍ ആക്രമിക്കപ്പെടുകയും ജനാധിപത്യം പിച്ചിച്ചീന്തപ്പെടുകയും ചെയ്യുന്ന കാലഘട്ടമാണിതെന്നും ആന്റണി പറഞ്ഞു.
ബി.ജെ.പിയുടെ അപകടകരമായ തീവ്രവര്‍ഗീയ ദേശീയതയെ തുറന്നുകാട്ടുകയാണ് കോണ്‍ഗ്രസിന്റെ ചരിത്രപരമായ ദൗത്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു.
കോണ്‍ഗ്രസിന്റേത് വര്‍ഗീയ-ഫാഷിസ്റ്റ് വിരുദ്ധമുഖമാണ്. രാജ്യത്തിന്റെ പവിത്രമായ പാരമ്പര്യത്തെയും ജനാധിപത്യത്തെയും മോദി ഭരണകൂടം കശാപ്പ് ചെയ്യുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ ഡോ. ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.പി.സി.സി വൈസ് പ്രസിഡന്റ് എന്‍. ശക്തന്, ജനറല്‍ സെക്രട്ടറിമാരായ ടി.യു. രാധാകൃഷ്ണണൻ, ജി.എസ്. ബാബു, ജി. സുബോധന്‍, കെ.പി. ശ്രീകുമാര്‍, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, സേവാദള്‍ സംസ്ഥാന പ്രസിഡന്റ് രമേശന് കരുവാച്ചേരി, ടി. ശരത്ചന്ദ്ര പ്രസാദ്, മണക്കാട് സുരേഷ് എന്നിവര്‍ പങ്കെടുത്തു.
83ാം പിറന്നാള്‍ ആഘോഷിക്കുന്ന എ.കെ. ആന്റണിക്ക് നേതാക്കള്‍ ജന്മദിന ആശംസ നേര്‍ന്നു. കോണ്‍ഗ്രസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് തയാറാക്കിയ കേക്ക് വി.ഡി. സതീശന് മുറിച്ചു.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പി കണ്ണൂര്‍ ഡി.സി.സിയില്‍ പതാക ഉയര്‍ത്തി സ്ഥാപക ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു.
ഓഫിസുകളിലും കൊടിമരങ്ങളിലും പാർട്ടി പതാക ഉയർത്തിയതിനൊപ്പം ഡി.സി.സികളുടെയും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ജന്മദിന സമ്മേളനങ്ങളും റാലികളും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.