ഇസ്രായേലിൽ മുങ്ങിയ ബിജു കുര്യനെ കണ്ടെത്തി തിരിച്ചയക്കണം; ഇന്ത്യൻ എംബസിക്ക് സർക്കാർ കത്ത് നൽകി

തിരുവനന്തപുരം: കൃഷി പഠനത്തിന് ഇസ്രായേലിൽ എത്തിയ ശേഷം മുങ്ങിയ മലയാളി കർഷകൻ ബിജു കുര്യനെ കണ്ടെത്തി തിരിച്ചയക്കണമെന്ന് സംസ്ഥാന സർക്കാർ. ഇക്കാര്യം ആവശ്യപ്പെട്ട് ഇസ്രായേലിലെ ഇന്ത്യൻ അംബാസിഡർക്ക് സർക്കാർ കത്ത് നൽകി. കൂടാതെ, ബിജു കുര്യന്‍റെ വിസ റദ്ദാക്കാൻ നടപടി സ്വീകരിക്കാനും നീക്കമുണ്ട്.

ഫെബ്രുവരി 12നാണ് ആധുനിക കൃഷി പരിശീലനത്തിന് 27 കർഷകരെ സംസ്ഥാന കൃഷി വകുപ്പ് മുൻകൈ എടുത്ത് ഇസ്രായേലിലേക്ക് അയച്ചത്. ഈ സംഘത്തിലെ അംഗമായ ബിജുവിനെ ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് തലേദിവസമായ 17നാണ് കാണാതായത്.


രാത്രി ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ ശേഷം ബിജുവിനെ കാണാതായെന്നാണ് സംഘത്തോടൊപ്പം ഉണ്ടായിരുന്ന കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക് അറിയിച്ചത്. ഹോട്ടലിൽ പോകാനായി താമസസ്ഥലത്ത് പ്രത്യേക ബസ് തയാറാക്കി നിർത്തിയിരുന്നു. ഈ സമയത്ത് ബിജു സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ബസ് പുറപ്പെടുന്ന സമയത്താണ് ബിജു കാണാതായത്.


പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ സൂക്ഷിച്ച ബാഗുമായാണ് ബിജു കടന്നുകളഞ്ഞത്. തുടർന്ന് വിവരം കൈമാറിയത് പ്രകാരം ഇസ്രായേൽ പൊലീസ് സി.സി ടിവി പരിശോധിച്ചെങ്കിലും ബിജുവിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിരുന്നില്ല. താൻ സുരക്ഷിതനാണെന്ന് വ്യക്തമാക്കി ബിജു കുര്യൻ ഭാര്യക്ക് മെസേജ് അയച്ചതായി പിന്നീട് അറിഞ്ഞു.


ഇതോടെയാണ് ബിജുവിനെ ഇസ്രായേലിൽ കാണാതായതല്ലെന്നും ബോധപൂർവം മുങ്ങിയതാണെന്നും കൃഷി മന്ത്രി പി. പ്രസാദ് മാധ്യമങ്ങളെ അറിയിച്ചത്. ബിജുവിനെതിരെ നിയമനടപടി ആലോചിക്കുമെന്നും കൃഷി മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Biju Kurian, who drowned in Israel, should be found and sent back; The government issued a letter to the Indian Embassy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.