പത്തനംതിട്ട: തിരുവല്ല മുത്തൂര്‍-കുറ്റപ്പുഴ റോഡില്‍ കഴുത്തിൽ കയർ കുരുങ്ങി സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ച സംഭവത്തിൽ മനപൂർവ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു. കരാറുകാരൻ ഉൾപ്പെടെ കേസിൽ പ്രതിയാകുമെന്ന് പൊലീസ് പറഞ്ഞു. അപകടത്തിന് ഉത്തരവാദികളായ ആറ് തൊഴിലാളികളെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് വിവരം. മരം മുറിക്കുന്നതിനായി റോഡിൽ കയർ കെട്ടിയത് യാതൊരു വിധത്തിലുള്ള സുരക്ഷാ മുൻകരുതലുകളും ഇല്ലാതെയാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
തിരുവല്ല മുത്തൂര്‍-കുറ്റപ്പുഴ റോഡില്‍ എന്‍.എസ്.എസ് സ്‌കൂളിന് സമീപം ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയുണ്ടായ അപകടത്തിൽ തകഴി കുന്നമ്മ കുറുപ്പഞ്ചേരി സെയ്ദ് കുഞ്ഞിന്റെ മകന്‍ സിയാദ് (31) ആണ് മരിച്ചത്. റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യ ഷിബിന, മക്കളായ സഹറന്‍, നീറാ ഫാത്തിമ എന്നിവര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.
പായിപ്പാട്ടുള്ള സഹോദരിയുടെ വീട്ടില്‍ നിന്നും മടങ്ങുകയായിരുന്നു സിയാദും കുടുംബവും. റോഡുവശത്തെ അക്വേഷ്യ മരം വെട്ടുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് കയര്‍ വഴിക്കുകുറുകെ വലിച്ചുകെട്ടിയിരുന്നു. മരം വെട്ടിയിടുമ്പോള്‍ വാഹനങ്ങള്‍ കടന്നുപോകുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കയര്‍ കെട്ടിയിരുന്നത്. എന്നാൽ, മുന്നറിയിപ്പ് നല്‍കാന്‍ തൊഴിലാളികളാരും റോഡില്‍ നിന്നതുമില്ല.
കയര്‍ പെട്ടെന്ന് കാഴ്ചയില്‍പ്പെടാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയതെന്ന് കരുതുന്നതായി തിരുവല്ല ഡിവൈ.എസ്.പി പറഞ്ഞു. സിയാദിന്റെ കഴുത്ത് കയറില്‍ ശക്തിയില്‍ കുരുങ്ങി വലിഞ്ഞതോടെ 15 അടിയോളം പിന്നിലേക്ക് തെറിച്ചുവീണു. ഓടിക്കൂടിയവര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഭാര്യക്കും മക്കള്‍ക്കും നിസാര പരിക്കുകളാണ് ഉള്ളത്. പെയിന്റിങ് തൊഴിലാളിയാണ് സിയാദ്. മാതാവ്: ഐഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.