കെ.എം മാണി പിണറായിയെ കണ്ട ശേഷമാണ് ബാര്‍ കോഴ കേസ് അവസാനിച്ചത്- ബിജു രമേശ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും എതിരെ ഗുരുതര ആരോപണങ്ങളുമായി ബാറുടമ ബിജു രമേശ്. ബാർ കോഴ കേസ് ഒത്തു തീർപ്പാക്കാൻ ശ്രമിക്കുകയാണെന്നാണ് ആരോപണം. കേസിൽ നിന്ന് പിൻമാറരുതെന്ന് തന്നോട് അഭ്യർഥിച്ചത് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമാണ്. ഇപ്പോൾ അവർ തന്നെ കേസിൽ നിന്ന് പിന്മാറുകയാണെന്ന് വാർത്താസമ്മേളനത്തിൽ ബിജുരമേശ് ആരോപിച്ചു.

കെ. എം മാണി പിണറായി വിജയനെ വീട്ടിലെത്തി കണ്ടതിന് ശേഷമാണ് ബാർകോഴ കേസ് അവസാനിച്ചത്. വിജിലൻസ് അന്വേഷണത്തിൽ വിശ്വാസമില്ല. വിജിലൻസിന് മൊഴി കൊടുത്താൽ നാളെ കേസ് ഒത്തു തീർപ്പാക്കില്ലെന്ന് ഉറപ്പുണ്ടോ എന്നും ബിജു രമേശ് മാധ്യമങ്ങളോട് ചോദിച്ചു. കേന്ദ്ര ഏജൻസികൾ കേസ് അന്വേഷിച്ചാൽ മാത്രമേ സത്യം പുറത്തുവരികയുള്ളൂവെന്നും ബിജു രമേശ് പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരായ അന്വേഷണം പ്രഹസനമാകുമെന്നും ബിജു രമേശ് പറഞ്ഞു. നേരത്തേ രഹസ്യമൊഴി നല്‍കാന്‍ പോകുന്നതിന്‍റെ തലേദിവസം ചെന്നിത്തല വിളിച്ചു. രമേശ് ചെന്നിത്തലയുടെ ഭാര്യയും ഗൺമാനും വിളിച്ചു. കാല് പിടിച്ച് അപേക്ഷിച്ചതുപോലെ ഉപദ്രവിക്കരുതെന്ന് പറഞ്ഞു. ദയനീയമായാണ് ബന്ധുക്കൾ തന്നോട് അപേക്ഷിച്ചത്. അക്കാരണംകൊണ്ടാണ് 164 സ്റ്റേറ്റ്‌മെന്‍റിൽ രമേശ് ചെന്നിത്തലയുടെ പേര് പറയാതിരുന്നത്. ആഭ്യന്തര മന്ത്രിയായ ചെന്നിത്തല പിന്നീട് തന്നെ ബുദ്ധിമുട്ടിച്ചു.

 രമേശ് ചെന്നിത്തലയുടെ സാമ്പത്തിക സ്ഥിതി എങ്ങനെയാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇപ്പോൾ െത്ര ആസ്തിയുണ്ടെന്നും അറിയാം. അന്വേഷണ റിപ്പോര്‍ട്ടില്‍ കോടികള്‍ പിരിച്ചെന്ന് പറയുന്നുണ്ട്. ആ തുക എവിടെയെന്ന് കണ്ടെത്താനാകാത്തത് വിജിലന്‍സിന്‍റെ വീഴ്ചയാണ്. വിജിലന്‍സ് അന്വേഷണം പ്രഹസനമാണ്. കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കട്ടെയെന്നും ബിജു രമേശ് പറഞ്ഞു. 

കൂടുതല്‍ കേസുമായി മുന്നോട്ടുപോകാനുള്ള ബാധ്യത തനിക്കില്ല. സര്‍ക്കാര്‍ കേസുമായി മുന്നോട്ടുപോകട്ടെ. അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.