തിരുവനന്തപുരം: അമിതവേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മറിഞ്ഞ് മൂന്ന് കൗമാരക്കാർക്ക് ദാരുണാന്ത്യം. പേരൂർക്കട ഊളമ്പാറ ദയാനഗറിൽ കരൂർക്കോണം കുളവരമ്പത്ത് വീട്ടിൽ എസ്.ബി. സിദ്ധാർത്ഥ് (മുല്ലപ്പൻ -16), ഊളമ്പാറ എച്ച്.എൽ.എല്ലിന് സമീപം അഭയനഗറിൽ വീട്ടുനമ്പർ 164ൽ വിനീഷ് (16), വഴയില പുരവൂർക്കോണം റെസിഡന്റ്സ് അസോസിയേഷൻ വീട്ടുനമ്പർ 111ൽ വാടകക്ക് താമസിക്കുന്ന ടെഫിൻ (16) എന്നിവരാണ് മരിച്ചത്.
മൂവരും പ്ലസ് വൺ വിദ്യാർഥികളാണ്. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ വഴയില-കരകുളം റോഡിൽ പത്തായം സൂപ്പർ മാർക്കറ്റിന് സമീപമായിരുന്നു അപകടം. വിനീഷ്, സുഹൃത്ത് ആദർശിന്‍റെ ബൈക്കിൽ സിദ്ധാർഥിനൊപ്പം ആറാംകല്ലിലെത്തി ടെഫിനെയും കൂട്ടി തിരികെ പേരൂർക്കട ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടത്തിൽപെട്ടത്.
അമിതവേഗത്തിലായിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് പാതയോരത്തെ പാലമരത്തിൽ ഇടിച്ച് മറിയുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. രണ്ടുപേർ സംഭവസ്ഥലത്തും ഒരാൾ മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്. സിദ്ധാർഥ് പേരൂർക്കട കൺകോർഡിയ ലൂഥറൻ സ്കൂളിലെയും ബിനീഷും ടെഫിനും മെഡിക്കൽ കോളജ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെയും വിദ്യാർഥികളാണ്.
പ്ലംബിങ് തൊഴിലാളിയായ ഷിബുവാണ് സിദ്ധാർഥിന്‍റെ പിതാവ്. മാതാവ്: ബിന്ദു (ആശാ വർക്കർ). എട്ടാം ക്ലാസ് വിദ്യാർഥി ആരോമൽ സഹോദരനാണ്. വിനീഷിന്‍റെ പിതാവ്: ഷിബു (ഡ്രൈവർ), മാതാവ്: സിമി, സഹോദരൻ: അജീഷ്. വിനോദ്-ഷൈനി ദമ്പതികളുടെ മകനാണ് ടെഫിൻ. സഹോദരി: ടെഫിന.
മൂവരുടെയും മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. നിയമനടപടികൾ പൂർത്തിയാക്കി ബുധനാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. അരുവിക്കര സി.ഐ ഷിബു കുമാർ, എസ്.ഐ സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് മേൽനടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.