മുകേഷിനെതിരെ ഗാർഹിക പീഡനത്തിന്​ കേസെടുക്കണമെന്ന്​ ബിന്ദു കൃഷ്​ണ

തിരുവനന്തപുരം: നടനും എം.എൽ.എയുമായ മുകേഷും ഭാര്യയും പ്രശസ്​ത നർത്തകിയുമായ മേതിൽ ദേവികയും തമ്മിലുള്ള വിവാഹമോചന വാർത്തയിൽ പ്രതികരണവുമായി കോൺഗ്രസ്​ നേതാവ്​ ബിന്ദു കൃഷ്​ണ​. വിവാഹമോചനവുമായി ബന്ധപ്പെട്ട്​ മേതിൽ ദേവിക വക്കീൽ നോട്ടീസ്​ അയച്ചതിന്​ പിന്നാലെ, മുകേഷിനെതിരെ ഗാർഹിക പീഡനത്തിന്​ കേസെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ്​ ബിന്ദു കൃഷ്​ണ രംഗത്തെത്തിയിരിക്കുന്നത്​.

ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ ശരിയാണെങ്കിൽ എം. മുകേഷിനെതിരെ തിരെ ഗാർഹിക പീഡനത്തിന് കേസെടുക്കാൻ സംസ്ഥാന പൊലീസ് വകുപ്പ് തയ്യാറാകണം. ജനപ്രതിനിധി കൂടിയായ മുകേഷിനെതിരെ സ്വമേധയാ കേസ് എടുക്കാൻ സംസ്ഥാന വനിതാ കമ്മീഷനും തയ്യാറാകണമെന്ന്​ ബിന്ദു കൃഷ്​ണ ഫേസ്​ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

14 വയസ്സുള്ള വിദ്യാർത്ഥിക്കെതിരെ വരെ വളരെ മോശമായി സംസാരിച്ച മുകേഷിന്‍റെ സ്ത്രീകളോടുള്ള ശൈലി അദ്ദേഹത്തിന്‍റെ മുൻ ഭാര്യ സരിത തന്നെ പല പ്രാവശ്യം പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. അപ്പോഴെല്ലാം മുകേഷിന് സംരക്ഷണ കവചമൊരുക്കി വെള്ളപൂശിയത് ഇടതുപക്ഷമാണ്. മുകേഷിന്‍റെ നിലവിലെ കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കാലത്ത് തന്നെ വിവരങ്ങൾ ലഭിച്ചിരുന്നു. പക്ഷേ കുടുംബ പ്രശ്നങ്ങൾ രാഷ്ട്രീയ ആയുധമാക്കാൻ ഞാൻ ആഗ്രഹിച്ചില്ലെന്നും അവർ കുറിപ്പിൽ പറയുന്നു.

ബിന്ദു കൃഷ്ണയുടെ ഫേസ്​ബുക്ക്​ കുറിപ്പ്

എം.മുകേഷിന്‍റെയും മേതിൽ ദേവികയുടെയും സ്വകാര്യ ജീവിതത്തിൽ തലയിടാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ മേതിൽ ദേവിക എന്ന വനിത അനുഭവിച്ച ദുരവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാതിരിക്കാൻ കഴിയില്ല. ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ ശരിയാണെങ്കിൽ എം.മുകേഷിന് എതിരെ ഗാർഹിക പീഡനത്തിന് കേസ് എടുക്കാൻ സംസ്ഥാന പൊലീസ് വകുപ്പ് തയ്യാറാകണം. ജനപ്രതിനിധി കൂടിയായ മുകേഷിന് എതിരെ സ്വമേധയാ കേസ് എടുക്കാൻ സംസ്ഥാന വനിതാ കമ്മീഷനും തയ്യാറാകണം. കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനെ വെല്ലുന്ന പൂരപ്പാട്ട് എം.മുകേഷിൽ നിന്നും പലപ്രാവശ്യം ഉണ്ടായിട്ടുള്ളത് കേരള ജനത കേട്ടിട്ടുള്ളതാണ്.

14 വയസ്സുള്ള വിദ്യാർത്ഥിക്കെതിരെ വരെ വളരെ മോശമായി സംസാരിച്ച മുകേഷിന്‍റെ സ്ത്രീകളോടുള്ള ശൈലി അദ്ദേഹത്തിന്‍റെ മുൻ ഭാര്യ സരിത തന്നെ പല പ്രാവശ്യം പരസ്യമായി പറഞ്ഞിട്ടുള്ളതുമാണ്. അപ്പോഴെല്ലാം മുകേഷിന് സംരക്ഷണ കവചം ഒരുക്കി വെള്ളപൂശിയത് ഇടതുപക്ഷമാണ്. മുകേഷിന്‍റെ നിലവിലെ കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കാലത്ത് തന്നെ വിവരങ്ങൾ ലഭിച്ചിരുന്നു. പക്ഷേ കുടുംബ പ്രശ്നങ്ങൾ രാഷ്ട്രീയ ആയുധമാക്കാൻ ഞാൻ ആഗ്രഹിച്ചില്ല.

മേതിൽ ദേവിക എന്ന വ്യക്തിയുടെ കുലീനത ഞാൻ മനസ്സിലാക്കിയത് അവരുടെ അന്നത്തെ നിലപാടിലൂടെയായിരുന്നു. അന്ന് മുകേഷിന് എതിരെ ഒരു വാക്ക് കൊണ്ടു പോലും എതിരഭിപ്രായം പറയാൻ അവർ തയ്യാറായില്ല. നെഗറ്റീവ് വാർത്തകളിൽ ഇടം പിടിക്കാതിരിക്കാനും ആ സ്ത്രീ പ്രത്യേകം ശ്രദ്ധിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ഞാൻ കുടുംബത്തിനൊപ്പം നിൽക്കുന്ന ഒരു ചിത്രം ഫെയ്സ് ബുക്കിൽ പങ്കുവച്ചപ്പോൾ അതിൽ പരിഹാസരൂപത്തിൽ മുകേഷ് കമന്‍റ് എഴുതിയിരുന്നു. പരിഹാസ കമൻറുകൾ എഴുതി അന്യരെ പരിഹസിക്കുന്ന സമയത്തും സ്വന്തം കുടുംബം തന്നിൽ നിന്നും അകന്നു എന്ന യാഥാർത്ഥ്യം അദ്ദേഹം മറച്ചുവെച്ചു ജനങ്ങളെ കബളിപ്പിച്ചു. അദ്ദേഹം എനിക്കെതിരെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് തന്നെ അസത്യ പ്രചരണങ്ങൾകൊണ്ടാണ്. പച്ചക്കള്ളങ്ങൾ മാത്രം പറഞ്ഞും പ്രചരിപ്പിച്ചും അത് ജനങ്ങളെ അഭിനയിച്ച് വിശ്വസിപ്പിച്ചും അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിട്ടു.

എം.മുകേഷിനെതിരെ അസത്യ പ്രചരണങ്ങൾ നടത്താനോ അദ്ദേഹത്തിന്‍റെ വാസ്തവ വിരുദ്ധമായ പ്രചരണങ്ങൾക്ക് മറുപടി പറയാനോ ഞങ്ങൾ ശ്രമിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് മേതിൽ ദേവിക പ്രതികരിക്കാതിരുന്നതും അവരുടെ കുടുംബപ്രശ്നം യുഡിഎഫ് തെരഞ്ഞെടുപ്പ് ആയുധം ആക്കാതിരുന്നതും ഒന്നും സ്ത്രീകളുടെ കഴിവുകേടല്ല എന്ന് മനസ്സിലാക്കാൻ എം.മുകേഷിന് കഴിയാതെപോയി. ഭാര്യ എന്ന നിലയിൽ എം.മുകേഷിനെ അത്രത്തോളം സംരക്ഷിച്ച ഒരു വ്യക്തിയെയാണ് അദ്ദേഹം വളരെ മോശമായ രീതിയിൽ കൈകാര്യം ചെയ്തിരിക്കുന്നത്. സ്ത്രീ സംരക്ഷണത്തെക്കുറിച്ച് വായതോരാതെ സംസാരിക്കുന്ന ഇടതുപക്ഷ സർക്കാർ എം. മുകേഷിന് എതിരെ നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറാകണം.

Full View

Tags:    
News Summary - Bindu Krishna wants to file a case against Mukesh for domestic violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.