സംസ്ഥാന സെക്രട്ടറി പദം: കെ.ഇ. ഇസ്മാഈലിന് ബിനോയ് വിശ്വത്തിന്‍റെ മറുപടി

ഭുവനേശ്വർ: സി.പി.ഐ സംസ്ഥാന സെക്രട്ടറിയാക്കിയത് കീഴ് വഴക്കം ലംഘിച്ചാണെന്ന മുതിർന്ന നേതാവ് കെ.ഇ. ഇസ്മാഈലിന്‍റെ പരാമർശത്തിന് മറുപടിയുമായി ബിനോയ് വിശ്വം എം.പി. അനുഭവ സമ്പത്തുള്ള നേതാക്കൾക്ക് പാർട്ടി, സംഘടന കാര്യങ്ങൾ എവിടെ പറയണമെന്ന് അറിയാമെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു.

ബിനോയ് വിശ്വത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറിയാക്കിയത് കീഴ് വഴക്കം ലംഘിച്ചെന്നാണ് കെ.ഇ. ഇസ്മാഈൽ മാധ്യമങ്ങളോട് പറഞ്ഞത്. പിന്തുടർച്ചാവകാശം കമ്യൂണിസ്റ്റ് വിരുദ്ധമാണ്. കാനം രാജേന്ദ്രന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രം സെക്രട്ടറിയെ തീരുമാനിച്ചത് ശരിയായില്ല. സംസ്ഥാന കൗൺസിൽ ചേർന്നാണ് സെക്രട്ടറിയെ പ്രഖ്യാപിക്കേണ്ടതെന്നും കെ.ഇ. ഇസ്മാഈൽ വ്യക്തമാക്കി.

കത്തിലൂടെ സംസ്ഥാന സെക്രട്ടറിയെ നിർദേശിച്ചത് പുതിയ കീഴ് വഴക്കത്തിനാണ് വഴിവെച്ചത്. അടിയന്തരമായി തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടോ എന്ന വിമർശനവും ഉയർന്നു. പ്രകാശ് ബാബുവും ചന്ദ്രമോഹനുമാണ് തെരഞ്ഞെടുപ്പ് നടപടിക്രമം തെറ്റാണെന്ന് പറഞ്ഞത്. അതേ അഭിപ്രായമാണ് തനിക്കും ഉള്ളത്. ബിനോയ് വിശ്വത്തോട് വിയോജിപ്പില്ലെന്നും കെ.ഇ. ഇസ്മാഈൽ വ്യക്തമാക്കി.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയിൽ നിന്ന് അവധി എടുത്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പാർട്ടിക്ക് നൽകിയ കത്തിൽ ബിനോയ് വിശ്വത്തിന് സെക്രട്ടറിയുടെ താൽകാലിക ചുമതല നൽകാൻ ശിപാർശ ചെയ്തിരുന്നു. കാനത്തിന്‍റെ നിര്യാണത്തിന് പിന്നാലെ കത്ത് കൂടി പരിഗണിച്ച് ബിനോയ് വിശ്വത്തിന് സെക്രട്ടറിയുടെ താൽകാലിക ചുമതല നൽകുകയായിരുന്നു.

Tags:    
News Summary - Binoy Vishwam react to KE Ismail's Comments in the CPI state secretary post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.