അടിമാലി മന്നാംകാലയിലാണ് ഞാൻ ജനിച്ചത്. പിന്നീട് അതിനടുത്ത് ചാറ്റുപാറയിലേക്ക് മാറി. ഇപ്പോൾ എറണാകുളത്താണ് താമസം. ഹൈറേഞ്ചുകാരനായി ജനിച്ചുവളർന്നതാണ് എന്റെ ഭാഗ്യം. ആ നാടിന്റെ ഐശ്വര്യവും നിഷ്കളങ്കതയുമെല്ലാം എന്റെ കലാജീവിതത്തിന് മുതൽക്കൂട്ടായി. നാട്ടിൽ കണ്ടുമുട്ടിയ ജീവിതങ്ങളിൽനിന്നാണ് നാടൻ തമാശകൾ പഠിച്ചത്.
അടിമാലി ഗവ. ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം. അവിടെനിന്നാണ് കലാപ്രവർത്തനം തുടങ്ങിയത്. അന്ന് കലാമത്സരങ്ങളിൽ സ്കൂളിന് ഏറ്റവും കൂടുതൽ പോയന്റ് നേടിക്കൊടുത്തത് എന്റെ വീട്ടിൽനിന്നാണെന്ന് പറയാം. ഞങ്ങൾ അഞ്ച് മക്കളാണ്. എല്ലാവരും സ്കൂളിലെ ആസ്ഥാന കലാകാരന്മാരായിരുന്നു. രണ്ട് ചേച്ചിമാരും നന്നായി പാടും. ചേട്ടൻ മികച്ച നടനായിരുന്നു. കൂട്ടുകാരും അധ്യാപകരും നാട്ടുകാരുമെല്ലാം ഒരുപാട് പ്രോത്സാഹിപ്പിച്ചു.
കലയോട് താൽപര്യമുണ്ടായിരുന്ന രാജുസാർ കുട്ടികളെ വീട്ടിൽ വിളിച്ചുവരുത്തി കലാപരിപാടികൾ പഠിപ്പിക്കുമായിരുന്നു. അതെല്ലാം എനിക്കും ഏറെ ഗുണംചെയ്തു. പാട്ടിലായിരുന്നു തുടക്കം. പിന്നീട് മിമിക്രിയിൽ താൽപര്യമായി. എറണാകുളത്ത് ഷോയുണ്ടെങ്കിൽ പുലർച്ച മൂന്നിന് ഹൈറേഞ്ചിൽനിന്ന് ബസ് കയറും. എറണാകുളം വരെ നിന്നാകും യാത്ര. അതൊന്നും കഷ്ടപ്പാടായി തോന്നിയിട്ടില്ല. കാരണം അന്ന് കല മാത്രമായിരുന്നു മനസ്സിൽ. ഏറ്റവുമധികം സന്തോഷത്തോടെ ജീവിച്ച നാളുകളാണ് അത്.
ഇടുക്കിക്കാരനാണെങ്കിലും ഞാൻ ഇടുക്കി ഡാം കാണുന്നത് രണ്ടോ മൂന്നോ വർഷം മുമ്പാണ്. ഇപ്പോഴും ഇടുക്കിയിൽ ഞാൻ കാണാത്തതായി പല സ്ഥലങ്ങളുമുണ്ട്. സ്വന്തം നാടിന്റെ മഹത്വം മനസ്സിലാക്കാൻ നമ്മൾ മറ്റ് നാടുകളിലെത്തണം. പല വിദേശരാജ്യങ്ങളിലും പോയിട്ടുണ്ട്. ഒന്നുകിൽ അസഹനീയമായ ചൂട്, അല്ലെങ്കിൽ മൈനസ് ഡിഗ്രി തണുപ്പ്. അപ്പോഴാണ് നമ്മുടേത് ശരിക്കും 'ദൈവത്തിന്റെ സ്വന്തം നാട്' ആണെന്ന് തിരിച്ചറിയുക.
ഒഴിവ് കിട്ടുമ്പോഴെല്ലാം ഇപ്പോഴും അടിമാലിയിൽ പോകാറുണ്ട്. നേര്യമംഗലം പാലം കഴിഞ്ഞാൽ കാറിന്റെ ഗ്ലാസ് താഴ്ത്തും. നാടിന്റെ ഗന്ധവും കാടിന്റെ തണുപ്പുമെല്ലാം വല്ലാത്തൊരു അനുഭവമാണ്.സഹപ്രവർത്തകർ പലരും എന്നെ 'അടിമാലി' എന്നാണ് വിളിക്കുക. അത് കേൾക്കാനാണ് ഇഷ്ടം. ദുഃഖവും സന്തോഷവും നിറഞ്ഞ ഓർമയാണ് നാട്. ഗൾഫുകാരന്റെയും കലാകാരന്റെയും ഉള്ളിൽ ജനിച്ച നാട് എപ്പോഴുമുണ്ടാകും. എനിക്ക് എന്റേതായ രാഷ്ട്രീയമുണ്ട്. പക്ഷേ, നല്ലത് ആര് ചെയ്താലും നല്ലതെന്ന് പറയും. രാഷ്ട്രീയത്തിലുപരി ജനങ്ങൾക്ക് സുരക്ഷയും നാടിന് നന്മയുമാണ് എന്നും ഞാൻ ആഗ്രഹിക്കുന്നത്.
(മിമിക്രിയിലൂടെ സിനിമയിലെത്തിയ ബിനു അടിമാലി തത്സമയം ഒരു പെൺകുട്ടി, വെൽക്കം ടു സെൻട്രൽ ജയിൽ, പാവാട, വെളിപാടിന്റെ പുസ്തകം, പരോൾ, കുമ്പാരീസ്, കേശു ഈ വീടിന്റെ നാഥൻ തുടങ്ങി ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.