തിരുവനന്തപുരം: കടലിലെയും തീരമേഖലയിലെയും സമഗ്ര ജൈവവൈവിധ്യ വിവരങ്ങൾ തേടാനൊരുങ്ങി സംസ്ഥാന ജൈവവൈവിധ്യ ബോർഡ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നേരത്തേ ഭാഗികമായി ആരംഭിച്ച ‘മറൈൻ ബയോഡൈവേഴ്സിറ്റി രജിസ്റ്റർ’ തയാറാക്കൽ പദ്ധതി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനും വിവരശേഖരണ സംവിധാനമൊരുക്കാനുമാണ് ലക്ഷ്യം. 2024-‘25 വർഷത്തെ പദ്ധതി പ്രവർത്തനങ്ങളിൽ ഇത് ഉൾപ്പെടുത്തും.
മത്സ്യങ്ങൾ, ഇതര കടൽജീവികൾ, സസ്യങ്ങൾ തുടങ്ങി കടലുമായി ബന്ധപ്പെട്ട ആവാസ വ്യവസ്ഥയെ പഠന വിധേയമാക്കും. കടലിലെ വിവരശേഖരണത്തിന് മറ്റ് ഏജൻസികളുടെ സഹായവും സാങ്കേതിക സംവിധാനങ്ങളും ആവശ്യമാണ്. ഇതിനു ചെലവേറുമെങ്കിലും സാധ്യമാവുന്ന വിധം പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യം. കരയിലേതിനൊപ്പം കടലിലേയും ജൈവവൈവിധ്യത്തെ അറിയുക പ്രധാനമാണെന്നും അതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ബോർഡ് ചെയർമാൻ ഡോ.സി. ജോർജ് തോമസ് ‘മാധ്യമ’ ത്തോട് പറഞ്ഞു.
സംസ്ഥാനതലത്തിൽ തയാറാക്കിയ 10 വർഷത്തെ പ്രവർത്തന പദ്ധതി വിവരിക്കുന്ന ‘ആക്ഷൻ പ്ലാൻ’ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും തയാറാക്കുന്നതും പരിഗണനയിലാണ്. ചിലയിടങ്ങളിൽ ഇതിനോടകം ആക്ഷൻ പ്ലാൻ തയാറാക്കിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളിൽ നിലവിലുള്ള ജൈവ വൈവിധ്യ രജിസ്റ്ററിന് പുറമേയാണ് കൂടുതൽ വിവരങ്ങളും ഭാവിപദ്ധതികളും ഉൾപ്പെടുന്ന ആക്ഷൻ പ്ലാൻ തയാറാക്കുക. ഇതിലൂടെ ജൈവ വൈവിധ്യസംരക്ഷണത്തിൽ കൃത്യമായ ആസൂത്രണവും പ്രയോഗവത്കരണവും സാധ്യമാവുമെന്നാണ് വിലയിരുത്തൽ.
പരമ്പരാഗത കൃഷിരീതികൾ തുടരുകയും വേറിട്ട ഇനങ്ങളുടെ കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്ന കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രധാന്യം നൽകും. ഇത്തരം പ്രവർത്തനങ്ങൾക്കൊപ്പം ജനകീയ ജൈവവൈവിധ്യ രജിസ്റ്ററുകളുടെ ഡിജിറ്റൽവത്കരണം കൂടിയാവുന്നതോടെ വലിയ നേട്ടം മേഖലയിൽ കൈവരിക്കാനാവുമെന്നാണ് വിലയിരുത്തൽ. ദേശീയ ജൈവ വൈവിധ്യ അതോറിറ്റിയുടെ നേതൃത്വത്തിൽ എൻ.ഐ.സിയാണ് ഡിജിറ്റൽവത്കരണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.