തിരുവല്ല: സർക്കാർ നിയന്ത്രണത്തിലുള്ള നിരണം താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ചെറിയ താറാവുകൾ കൂട്ടത്തോടെ ചാവുന്നത് കണ്ടതോടെയാണ് മഞ്ഞാടിയിലെ പക്ഷി ഗവേഷണത്തിൽ പരിശോധനക്കെത്തിച്ചത്. ഇവിടെനിന്നാണ് സാംപിൾ ഭോപ്പാലിലെ ജന്തുരോഗ നിർണയ ലാബിലേക്ക് പരിശോധനക്കയച്ചത്. അതീവ സുരക്ഷിതമായാണ് താറാവുകളെ ഈ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്നത്.
ദേശാടനപക്ഷികളിൽ നിന്നാവാം രോഗം പടർന്നതെന്നാണ് അധികൃതരുടെ നിഗമനം. ഭോപ്പാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. തിങ്കളാഴ്ച കലക്ടറുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് തുടർനടപടി സ്വീകരിക്കും. 2500 വലിയ താറാവുകളും 1500 ചെറിയ താറാവുകളും ഈ കേന്ദ്രത്തിലുണ്ട്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പക്ഷിപ്പനി പ്രഭവകേന്ദ്രത്തിന് ഒരു കി.മീ. ചുറ്റളവിലെ പക്ഷികളെ കൊന്നൊടുക്കും. പ്രാഥമിക പ്രതിരോധ നടപടികൾ ആരംഭിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ പറഞ്ഞു. കേരളത്തിൽ ഏറ്റവും കൂടുതൽ താറാവ് കൃഷി നടക്കുന്ന ഇടമാണ് അപ്പർകുട്ടനാടൻ മേഖല.
നിരണം ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ സ്ഥിതിചെയ്യുന്ന താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് നിരണത്തെ താറാവ് കർഷകർ. പ്രഭവ കേന്ദ്രത്തിന്റെ ഒരുകിലോമീറ്റർ ചുറ്റളവിൽ നിരവധി താറാവ് കർഷകരുണ്ട്. പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കേണ്ടി വരുമെന്നതാണ് കർഷകരുടെ ദുഃഖം. ഡക്ക് ഫാമിന് ഒരുകിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലെ കോഴി, താറാവ് കർഷകരുടെ പേരുവിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. എച്ച് അഞ്ച്-എൻ എട്ട് എന്ന വൈറസാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് മനുഷ്യരിലേക്കും പകരാൻ സാധ്യതയുള്ളതിനാലാണ് ഒരു കി.മീ. ചുറ്റളവിലെ പക്ഷികളെ ദയാവധം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.