തിരുവല്ല: പക്ഷിപ്പനി സ്ഥിരീകരിച്ച നിരണം ഫാമിലെ താറാവുകളെ കൊല്ലുന്ന നടപടി ക്രമങ്ങൾ തുടങ്ങി. ഫാമിലുള്ള, 1500 കുഞ്ഞുങ്ങള്‍ അടക്കം 4000 ത്തോളം താറാവുകളെയാണ് ആദ്യഘട്ടത്തിൽ കൊന്നത്. ജനവാസ മേഖല എന്നത് കണക്കിലെടുത്ത് ഗ്യാസ് ചേമ്പറിലാണ് ഇവയെ സംസ്കരിക്കുന്നത്. അതേസമയം, ഫാമിന് പുറത്തുള്ള വളര്‍ത്തു പക്ഷികളെ കൊല്ലുന്ന ജോലികള്‍ വ്യാഴാഴ്ച തുടങ്ങും.
മൃഗസംരക്ഷണ വകുപ്പ് ഇതിനായി ദ്രുത കര്‍മ്മ സേനയുടെ അഞ്ചു സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ ഘട്ടം ഘട്ടമായി പ്രവൃത്തികൾ പൂര്‍ത്തിയാക്കും. ജില്ല കലക്ടറുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മുഴുവന്‍ താറാവുകളെയും കൊല്ലാനുള്ള തീരുമാനമുണ്ടായത്.
ചൊവ്വാഴ്ച രാവിലെ എട്ടിനാണ് നടപടിക്രമങ്ങള്‍ തുടങ്ങിയത്. ഫാമിലെ മുഴുവന്‍ താറാവുകളെയും വിഷം കൊടുത്ത് കൊന്നതിനുശേഷം ഗ്യാസ് ബര്‍ണര്‍ ഉപയോഗിച്ച് സംസ്‌കരിക്കുകയായിരുന്നു. ആദ്യമായാണ് താറാവുകളെ ഗ്യാസ് ബര്‍ണര്‍ ഉപയോഗിച്ച് സംസ്‌കരിക്കുന്നത്. ജനവാസ മേഖല ആയതിനാല്‍ പുക അധികം ഉയരാതിരിക്കാന്‍ വേണ്ടിയും വേഗത കൂടാനുമാണ് ഇത്തരത്തില്‍ സംസ്‌കരിച്ചത്.
കേരളത്തിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഏക താറാവ് വളർത്തൽ കേന്ദ്രമാണ് തിരുവല്ല, നിരണത്തുള്ള താറാവ് വളർത്തല്‍ കേന്ദ്രം. പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമില്‍ നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവ് ഇന്‍ഫെക്ടഡ് സോണായും 10 കിലോമീറ്റര്‍ ചുറ്റളവ് സര്‍വൈവല്‍ സോണായും പ്രഖ്യാപിച്ചിരുന്നു. ഇന്‍ഫെക്ടഡ് സോണില്‍ ഉള്‍പ്പെടുന്ന എല്ലാ വളര്‍ത്തു പക്ഷികളെയും കൊല്ലുവാനും തീരുമാനമായിട്ടുണ്ട്. ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവ് വൈറസ് ബാധ്യത മേഖലയായി കണക്കാക്കിയിട്ടുണ്ട്. ഇവിടെ കര്‍ഷകര്‍ വളര്‍ത്തുന്ന പക്ഷികളെ മുന്‍കരുതല്‍ എന്ന നിലയില്‍ കൊന്നൊടുക്കും.
ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍, മേഖലയിലെ വളര്‍ത്തു പക്ഷികളുടെ എണ്ണം എടുത്തുവരികയാണ്. പക്ഷികളെ കൊല്ലുന്ന ജോലികള്‍ പൂര്‍ത്തിയാകാന്‍ ഒരാഴ്ച വേണ്ടിവരും. ഈ മേഖലയില്‍ നിന്നും വളര്‍ത്തു പക്ഷികളെ പുറത്തേക്ക് കൊണ്ടുപോകുന്നതിനും അകത്തേക്ക് കൊണ്ടുവരുന്നതിനും നിരോധനം ഉണ്ട്. അതേസമയം എച്ച് 5 എന്‍1 വൈറസ് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുള്ളതിനാൽ തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കര്‍ഷകര്‍ക്കും ഡക്ക് ഫാമിനും ഭാരിച്ച നഷ്ടമാണ് രോഗബാധ ഉണ്ടാക്കുന്നത്. ഈര്‍പ്പം നിലനില്‍ക്കുന്നതിനാലാണ് പക്ഷികളെ കൊന്നൊടുക്കിയശേഷം കത്തിച്ചുകളഞ്ഞത്. പുറത്തെ പക്ഷികളുമായി സമ്പര്‍ക്കം ഒഴിവാക്കാനായി താറാവുകളെ ഇപ്പോള്‍ തുറന്നുവിടുന്നില്ല. കുട്ടനാട്ടിലെ ചാര, ചെമ്പല്ലി, വിഗോവ ഇനത്തിലുള്ള താറാവുകളാണ് ഇവിടെയുള്ളത്.
1966ല്‍ സ്ഥാപിതമായ ഡക്ക് ഫാമിന്റെ പ്രവര്‍ത്തനം രണ്ടര ഏക്കറിലാണ്. ഒരു അസി.ഡയറക്ടറുടെ നേതൃത്വത്തില്‍ സര്‍ജന്‍, ക്ലാര്‍ക്ക്, അറ്റന്റര്‍, 15 തൊഴിലാളികള്‍, കാവല്‍ക്കാരന്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നിവര്‍ ജോലിയെടുക്കുന്നുണ്ട്. ദിനംപ്രതി നൂറുകണക്കിന് താറാവിന്‍ കുഞ്ഞുങ്ങളെ അടവച്ച് വിരിയിക്കുന്ന ഹാച്ചറിയും മഞ്ഞാടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയില്‍ താറാവുകളില്‍ പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തില്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും മൃഗസംരക്ഷണ വകുപ്പും ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.