തിരുവല്ല: പക്ഷിപ്പനി സ്ഥിരീകരിച്ച പത്തനംതിട്ട ജില്ലയിലെ നിരണം ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ താറാവുകളെ കൊന്നൊടുക്കുന്ന നടപടികൾ തുടങ്ങി. ഇന്ന് രാവിലെ 11 മണിയോടെയാണ് നടപടികൾ ആരംഭിച്ചത്.
താറാവ് കർഷകരായ കണ്ണൻമാലിൽ വീട്ടിൽ കുര്യൻ മത്തായി, ഇടത്തിട്ടങ്കരി വീട്ടിൽ മനോജ് ഏബ്രഹാം എന്നിവരുടെ വളർത്തു താറാവുകളിൽ ചിലത് നാല് ദിവസങ്ങൾക്ക് മുമ്പ് ചത്ത് വീണതിനെ തുടർന്നുള്ള പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിലാണ് പക്ഷിപ്പനിക്ക് കാരണമായ എച്ച്5എൻ8 വൈറസ് ബാധ വ്യാഴാഴ്ച സ്ഥിരീകരിച്ചത്.
ഇരു കർഷകരുടെയും ആറായിരത്തോളം താറാവുകളെയാണ് കൊന്നൊടുക്കുന്നത്. പക്ഷിപ്പനി ആദ്യം സ്ഥിരീകരിച്ച നിരണം ഡക്ക് ഫാമിലെ 4000ത്തോളം താറാവുകളെ കഴിഞ്ഞ ദിവസം വിഷം നൽകി കൊന്ന ശേഷം ഗ്യാസ് ബർണർ ഉപയോഗിച്ച് കത്തിച്ചുകളഞ്ഞിരുന്നു. ഇത് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നതിന്റെ അടിസ്ഥാനത്തിൽ താറാവുകളെ വിഷം നൽകി കൊന്ന ശേഷം കുഴിച്ചിടുന്ന രീതിയാണ് ഇന്ന് അവലംബിക്കുന്നത്.
ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു കോഴികൾ അടക്കമുള്ള പക്ഷികളെ കഴിഞ്ഞദിവസം കൊന്നിരുന്നു. താറാവുകളെ കൊന്നൊടുക്കുന്ന നടപടി വൈകിട്ടോടെ പൂർത്തിയാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.