അമ്പലപ്പുഴ: പക്ഷിപ്പനിയെത്തുടർന്ന് കൊന്നൊടുക്കിയ താറാവുകളുടെ നഷ്ടപരിഹാരം ലഭിച്ചില്ല. കർഷകർ ആശങ്കയില്‍. ഒന്നര വർഷം മുമ്പാണ് പക്ഷിപ്പനിയെ തുടർന്ന് സർക്കാർ നിർദേശ പ്രകാരം മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ് താറാവുകളെ കൊന്നൊടുക്കിയത്.
60 ദിവസം പ്രായമായ താറാവുകൾക്ക് 200 ഉം ഇതിന് താഴെ പ്രായമായ താറാവുകൾക്ക് 100 രൂപയുമാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. നൂറുകണക്കിന് കർഷകരുടെ ലക്ഷക്കണക്കിന് താറാവുകളെയാണ് പക്ഷിപ്പനി ബാധയെത്തുടർന്ന് കൊന്നൊടുക്കിയത്. ഏതാനും കർഷകർക്ക് നഷ്ടപരിഹാരം നൽകിയിരുന്നു.
ഭൂരിഭാഗം പേർക്കും ഒന്നര വർഷം പിന്നിട്ടിട്ടും നഷ്ട പരിഹാരം ലഭിച്ചിട്ടില്ല. അതേസമയം, പക്ഷിപ്പനി ബാധിച്ചു ചത്ത താറാവുകളുടെ നഷ്ട പരിഹാരം കർഷകർക്ക് ലഭിക്കില്ല.
ഒന്നര വർഷം മുമ്പ് താറാവൊന്നിന് 23.50 രൂപ നിരക്കിലാണ് ഹാച്ചറികളിൽ നിന്ന് കർഷകർ വാങ്ങിയത്. ഒരു ദിവസം പ്രായമായ താറാവിനും ഈ വിലയായിരുന്നു. ഈ വിലക്കു വാങ്ങിയ ആയിരക്കണക്കിന് താറാവുകളാണ് പക്ഷിപ്പനി മൂലം ചത്തത്. മിക്ക കർഷകരും സ്വർണം പണയം വെച്ചും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് കൂടിയ പലിശക്ക് പണമെടുത്തുമാണ് താറാവു കൃഷി ചെയ്തത്. നഷ്ട പരിഹാരം ലഭിക്കാത്തതിനാൽ മിക്ക കർഷകരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
കരുമാടി സ്വദേശിയായ കര്ഷകന് 8732 താറാവുകളെ കൊന്നൊടുക്കിയ ഇനത്തിൽ 17,46,400 രൂപയോളം ലഭിക്കാനുണ്ട്.
ഇതു പോലെ അനേകം കർഷകർക്ക് ലക്ഷക്കണക്കിന് രൂപയാണ് ലഭിക്കാനുള്ളത്. സാമ്പത്തിക പ്രതിസന്ധിയാണ് നഷ്ട പരിഹാര വിതരണം വൈകാൻ കാരണമെന്നും പറയുന്നു. പണം ആവശ്യപ്പെട്ട് കർഷകർ മൃഗ സംരക്ഷണ മന്ത്രിയെ സമീപിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. ലക്ഷങ്ങൾ നഷ്ടപരിഹാരം കിട്ടാനുണ്ടെങ്കിലും വീണ്ടും പലിശക്ക് പണമെടുത്ത് കൃഷി നടത്തുകയാണ് പല കർഷകരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.