നാല് വോട്ടിനു വേണ്ടി ആദർശങ്ങൾ പണയപ്പെടുത്താത്ത, മത -സാമുദായിക നേതാക്കളുടെ മുൻപിൽ നട്ടെല്ല് വളക്കാത്തവരാണ് കോൺഗ്രസ് നേതാക്കളായ വി. ഡി. സതീശനും പി. ടി. തോമസുമെന്ന് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്. സമൂഹമാധ്യമത്തിലെ കുറിപ്പിലാണ് അദ്ദേഹം ഇരുവരേയും പ്രശംസിച്ചത്. തനിക്ക് ഏറെ ഇഷ്ടമുള്ള രണ്ട് കോൺഗ്രസ് നേതാക്കളാണ് ഇവരെന്നും അദ്ദേഹം കുറിച്ചു.
'ശരി എന്ന് ബോധ്യമുള്ള കാര്യങ്ങൾ ആരുടെ മുൻപിലും വിളിച്ചു പറയാൻ ആർജവം ഉള്ളവരും അഴിമതിയുടെ കറ പുരളാത്തവരും സാമൂഹ്യ/ പാരിസ്ഥിതിക പ്രശ്നങ്ങളിൽ ധാർമിക നിലപാട് ഉള്ളവരും മതേതരത്വം മുറുകെ പിടിക്കുന്നവരുമാണ് ഇവർ. ഇൗ രണ്ടുപേരും ഇന്ന് കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ ഉണ്ട് എന്നുള്ളത് ആശാവഹമാണ്. രാജ്യത്തെ ഏറ്റവും വലിയ മതേതര രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ കോൺഗ്രസ് കേരളത്തിലും രാജ്യത്തും ശക്തമാക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. ദേശീയതലത്തിൽ കോൺഗ്രസിെൻറ ബലക്ഷയം മുതലാക്കുന്നത് മത/ വർഗീയ ശക്തികളാണ്. കേരളത്തിലും അത് പ്രകടമായി കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തോടൊപ്പം കോൺഗ്രസ്സും ശക്തമായി നിലകൊള്ളേണ്ടത് കാലഘട്ടത്തിെൻറ ആവശ്യമാണ്.'-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
നേരത്തെ അദ്ദേഹം, ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് കേരളത്തിൽ ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും നടക്കുന്നതായുള്ള പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ വർഗീയ പരാമർശനത്തിനെതിരെ രംഗത്തുവന്നിരുന്നു. അൾത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കാനും പ്രചരിപ്പിക്കാനും ഉപയോഗിക്കരുതെന്നാണ് ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞത്.
'സുവിശേഷം സ്നേഹത്തിേന്റതാണ്, വിദ്വേഷത്തിേന്റതല്ല. അൾത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുത്. മതേതരത്വം അതിവേഗം തകർക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകൾ ഉത്തരവാദിത്തപ്പെട്ടവർ ഒഴിവാക്കണം. തർക്കങ്ങൾക്കായി പ്രഭാഷണങ്ങൾ ദുരുപയോഗം ചെയ്യരുത്' -മാർ കൂറിലോസ് ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.