തിരുവനന്തപുരം: ബി.ജെ.പിയുടെ ആദ്യ സ്ഥാനാർഥി പട്ടിക പുറത്തുവന്നപ്പോൾ സംസ്ഥാനത്ത് അപ്രതീക്ഷിത പേരുകളില്ല. തിരുവനന്തപുരത്ത് വി.വി.ഐ.പി സ്ഥാനാർഥി വരുമെന്ന പ്രചാരണം മാസങ്ങൾക്ക് മുമ്പേ തുടങ്ങിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ ജയശങ്കർ, നിർമല സീതാരാമൻ തുടങ്ങിയ പേരുകൾ ഉയർന്നുകേട്ടു. ഒടുവിൽ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനാണ് നറുക്കുവീണത്. എക്കാലവും ബി.ജെ.പിയുടെ ഒന്നാം പ്രതീക്ഷയായി പറയപ്പെടുന്ന തിരുവനന്തപുരത്ത് ഇക്കുറി അത്രത്തോളം പ്രതീക്ഷിക്കുന്നില്ലെന്നാണ് സ്ഥാനാർഥി നിർണയത്തിൽനിന്നുള്ള സൂചനയായി വിലയിരുത്തപ്പെടുന്നത്. കേരളത്തിലെ നേതാക്കൾക്കുള്ള താരത്തിളക്കമോ, സ്വാധീനമോ രാജീവ് ചന്ദ്രശേഖറിന് അവകാശപ്പെടാനില്ല.
തൃശൂരിൽ നേരത്തേ ഉറപ്പിച്ച സുരേഷ് ഗോപിയുടെ പേരിന് സ്ഥിരീകരണമായി. അതേസമയം, പത്തനംതിട്ടയിൽ അനിൽ ആന്റണിയുടെ വരവ് പ്രതീക്ഷിച്ചതല്ല. പത്തനംതിട്ട സീറ്റ് മനസ്സിൽ കണ്ട് ഈയിടെ ബി.ജെ.പിയിൽ ചേക്കേറിയ പി.സി. ജോർജിന്റെ പ്രതികരണത്തിൽ നിരാശ മറച്ചുവെക്കുന്നില്ല.
സ്ഥാനാർഥി അനിൽ ആന്റണിയെ മണ്ഡലത്തിൽ പരിചയപ്പെടുത്താൻ കുറേ ഓടിനടക്കേണ്ടിവരുമെന്നാണ് ഡൽഹിയിൽ പ്രഖ്യാപനം വന്നതിനുപിന്നാലെ പി.സി. ജോർജ് പ്രതികരിച്ചത്. തനിക്ക് സീറ്റ് കിട്ടാത്തതിന് പിന്നിൽ തുഷാർ വെള്ളാപ്പള്ളിയാണെന്ന സൂചന നൽകിയ ജോർജ്, എൻ.ഡി.എയിലെ പോര് പരസ്യമാക്കുകയും ചെയ്തു. പി.സി. ജോർജിനെ തഴഞ്ഞ് അനിൽ ആന്റണിയെ ഇറക്കുന്ന ബി.ജെ.പിയുടെ ലക്ഷ്യം എ.കെ. ആൻറണിയുടെ മകൻ ബി.ജെ.പി സ്ഥാനാർഥി എന്ന ‘ടാഗ്ലൈൻ’ ആണ്. കോൺഗ്രസ് വിട്ടുവന്ന സി. രഘുനാഥിന് കണ്ണൂർ സീറ്റ് നൽകിയതിന്റെ ലക്ഷ്യവും മറ്റൊന്നല്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച രഘുനാഥ്, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനുമായി അടുപ്പം പുലർത്തിയിരുന്നു. ബി.ജെ.പിക്ക് പച്ചതൊടാൻ കഴിയാത്ത കേരളത്തിലും കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്ക് പ്രമുഖരെത്തുന്നെന്ന പ്രചാരണമാണ് അനിൽ ആന്റണിയിലൂടെയും രഘുനാഥിലൂടെയും ലക്ഷ്യമിടുന്നത്. ആറ്റിങ്ങലിൽ മന്ത്രി വി. മുരളീധരൻ നേരത്തേ ഉറപ്പിച്ച പേരാണ്.
ശോഭാ സുരേന്ദ്രൻ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുമെന്നായിരുന്നു റിപ്പോർട്ടെങ്കിലും പട്ടിക വന്നപ്പോൾ ആലപ്പുഴയിലാണ്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആദ്യ പട്ടികയിൽ ഇല്ലെന്നതാണ് മറ്റൊരു പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.