കേരളത്തില്‍ ക്രൈസ്തവ വോട്ട്ബാങ്കിനെയും സ്വാധീനിക്കാൻ സാധിക്കുന്നില്ലെന്ന് ബി.ജെ.പി വിലയിരുത്തൽ

തിരുവനന്തപുരം: മുസ്ലിം വിഭാഗങ്ങളെ പോലെതന്നെ കേരളത്തില്‍ ക്രൈസ്തവ വോട്ട്ബാങ്കിനെ സ്വാധീനിക്കാനും ബി.ജെ.പിക്ക് സാധിക്കുന്നില്ലെന്ന് പാർട്ടി വിലയിരുത്തൽ. കേരളം സന്ദര്‍ശിച്ച കേന്ദ്രമന്ത്രിമാര്‍ ഉൾപ്പെടെ നേതാക്കൾ ബി.ജെ.പി ദേശീയ നേതൃത്വത്തിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. മുസ്ലിം വിഭാഗങ്ങൾക്കിടയിൽ കാര്യമായ സ്വാധീനമുണ്ടാക്കാൻ ബി.ജെ.പിക്ക് സാധിക്കുന്നില്ലെന്ന് നേരത്തേതന്നെ കേന്ദ്ര നേതൃത്വം വിലയിരുത്തിയിരുന്നു. കഴിഞ്ഞ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഒരു സീറ്റിൽപോലും വിജയിക്കാനാകാത്തത് മുസ്ലിം വോട്ടുകളുടെ ഏകീകരണമായിരുന്നെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ.

ബി.ജെ.പി കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ ക്രിസ്തീയ മത മേലധ്യക്ഷന്മാരെ സന്ദർശിക്കുകയും ക്രിസ്ത്യൻ വിഭാഗങ്ങളോട് സംസ്ഥാന സർക്കാർ കാട്ടുന്ന അവഗണനക്കെതിരെ സ്വീകരിക്കുന്ന നടപടികൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, അതിന്‍റേതായ ഗുണം സംസ്ഥാനത്ത് ബി.ജെ.പിക്ക് ലഭിക്കുന്നില്ല. ക്രിസ്ത്യൻ സമുദായത്തിന് ഏറെ സ്വാധീനമുള്ള തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രകടനം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. ക്രിസ്ത്യാനികൾ കൂടുതലായുള്ള പ്രദേശങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിയുന്നില്ല.

മുസ്ലിം വിഭാഗത്തിൽനിന്ന് ചിലരെ പാർട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവന്നെങ്കിലും അത് പാർട്ടിക്ക് ഒരുതരത്തിലുള്ള സ്വാധീനവും ഈ വിഭാഗങ്ങൾക്കിടയിലുണ്ടാക്കാൻ സാധിച്ചില്ല. ഹിന്ദുവോട്ടുകള്‍ ഏകീകരിക്കാന്‍ അനുകൂല അന്തരീക്ഷമുണ്ടെങ്കിലും അതിനും സാധിക്കുന്നില്ല. മറ്റു പാർട്ടികളിൽനിന്നുള്ളവരെ കൊണ്ടുവരാനും നേതൃത്വത്തിന് സാധിക്കുന്നില്ലെന്നും പരാമർശമുണ്ട്. കേരളത്തിലെക്കാൾ പ്രതികൂല അന്തരീക്ഷമാണെങ്കിലും മറ്റ് പല സംസ്ഥാനങ്ങളിലും സംഘടനാ സംവിധാനം മെച്ചപ്പെട്ട നിലയിലാണെന്നും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയസാധ്യത ഉണ്ടായിരുന്നിട്ടും പരാജയപ്പെട്ട 144 ലോക്സഭ മണ്ഡലങ്ങളിൽ കേന്ദ്രമന്ത്രിമാർ നേരിട്ട് സന്ദർശനം നടത്തി തയാറാക്കിയതാണ് ഈ റിപ്പോർട്ട്. കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ എന്നീ ലോക്സഭ മണ്ഡലങ്ങളാണ് പരിശോധിച്ചത്. അടുത്തമാസം മുതൽ വീണ്ടും ഈ മണ്ഡലങ്ങളിൽ കേന്ദ്രമന്ത്രിമാർ സന്ദർശനം നടത്തി പ്രവർത്തനത്തിലെ മാറ്റങ്ങൾ വിലയിരുത്തും.

Tags:    
News Summary - BJP estimates that it is not possible to influence the Christian vote bank in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.