റിജിത്തിന്റെ കൊലപാതകികളെ ന്യായീകരിച്ച് ബി.ജെ.പി: ‘ചെറിയ പരിക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ, സ്ഥലത്തില്ലാത്തവരെ വരെ പ്രതികളാക്കി’

കണ്ണൂർ: ഡി.വൈ.എഫ്.ഐ പ്രവർത്തകൻ കണ്ണപുരം അരക്കൻ വീട്ടിൽ റിജിത്തിനെ (26) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ആർ.എസ്.എസ് -ബി.ജെ.പി പ്രവർത്തകരെ ന്യായീകരിച്ച് ബി.ജെ.പി നേതാവ് കെ. രഞ്ജിത്ത്. ആർ.എസ്.എസ് ശാഖ ആക്രമിക്കാനെത്തിയപ്പോഴുണ്ടായ സംഘർഷത്തിലാണ് റിജിത്ത് കൊല്ലപ്പെട്ടതെന്നും ചെറിയ പരിക്ക് മാത്രമേ റിജിത്തിന് ഉണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അവിടെ ഇല്ലാത്തവരുടെ പേരിൽ വരെ പൊലീസ് ഏകപക്ഷീയമായി കേസ് രജിസ്റ്റർ ചെയ്തുവെന്നും സി.പി.എം കൊടുത്ത ലിസ്റ്റ് നോക്കി പ്രവർത്തകരെ പ്രതികളാക്കുന്നതായിരുന്നു അന്നത്തെ കണ്ണൂരിലെ പൊലീസ് രീതിയെന്നും രഞ്ജിത്ത് ആരോപിച്ചു. നിരപരാധിത്വം തെളിയിക്കാൻ മേൽക്കോടതിയിൽ പോകാൻ പാർട്ടിയും പ്രതികളുടെ കുടുംബങ്ങളും തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

‘ആർ.എസ്.എസ് പ്രവർത്തകർക്ക് ഊരുവിലക്ക് പ്രഖ്യാപിച്ച പ്രദേശമാണ് കൊലപാതകം നടന്ന ചുണ്ട. ആർ.എസ്.എസ് പ്രവർത്തനം ഒരുകാരണവശാലും നടത്താൻ അനുവദിക്കില്ലെന്ന് സി.പി.എം നിലപാടെടുത്തിരുന്നു. ചുണ്ട ഭഗവതി ക്ഷേത്ര പരിസരത്ത് ആർ.എസ്.എസുകാർ ശാഖ നടത്തുമ്പോൾ ഒരുപറ്റം സി.പി.എം പ്രവർത്തകർ ശാഖ ആക്രമിക്കാൻ എത്തി. രാത്രി ഇരുട്ടത്ത് 25ഓളം പേർ ശാഖ ആക്രമിക്കുമ്പോൾ ഉണ്ടായ ചെറിയ സംഘർഷത്തിലാണ് റിജിത്ത് ​കൊല്ലപ്പെട്ടത്. ചെറിയ പരിക്ക് മാത്രമേ അദ്ദേഹത്തിന്റെ ശരീരത്തിൽ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, പൊലീസ് ഏകപക്ഷീയമായി അവിടെ ഇല്ലാത്തവരുടെ പേരിൽ വരെ കേസ് രജിസ്റ്റർ ചെയ്തു. ഇന്നത്തെ രീതിയിലുള്ള സാ​ങ്കേതിക സംവിധാനങ്ങളൊന്നും അന്ന് ഉണ്ടായിരുന്നില്ല. സി.പി.എം കൊടുത്ത ലിസ്റ്റ് നോക്കി പ്രവർത്തകരെ പ്രതികളാക്കുന്നതായിരുന്നു അന്നത്തെ കണ്ണൂരിലെ പൊലീസ് രീതി. കോടതിയിൽ സാക്ഷിമൊഴി പ്രതികൾക്കെതിരാണ്. ഈ പ്രതികളുടെ നിരപരാധിത്വം തെളിയിക്കാൻ മേൽക്കോടതിയിൽ പോകാൻ പാർട്ടിയും പ്രതികളുടെ കുടുംബങ്ങളും തീരുമാനിച്ചിട്ടുണ്ട്. നിരപരാധിത്വം തെളിയിക്കും. ഇത്രയേറെ പേർക്ക് ജീവപര്യന്തം വിധിക്കുന്ന തരത്തിൽ തെളിവുകൾ കേസ് ഡയറിയിൽ ഇല്ല’ -രഞ്ജിത്ത് പറഞ്ഞു.

റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകരായ ഒമ്പത് പ്രതികൾക്കും തലശ്ശേരി അഡീഷനൽ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ. ജോസ് ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. 10 പ്ര​തി​ക​ളു​ണ്ടാ​യി​രു​ന്ന കേ​സി​ൽ മൂ​ന്നാം പ്ര​തി ക​ണ്ണ​പു​രം ചു​ണ്ട​യി​ലെ കൊ​ത്തി​ല താ​ഴെ​വീ​ട്ടി​ൽ അ​ജേ​ഷ്‌ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​രു​ന്നു. മറ്റുപ്രതികളായ ക​ണ്ണ​പു​രം ചു​ണ്ട സ്വ​ദേ​ശി​ക​ളാ​യ വ​യ​ക്കോ​ട​ൻ വീ​ട്ടി​ൽ സു​ധാ​ക​ര​ൻ (57), കോ​ത്തി​ല​താ​ഴെ വീ​ട്ടി​ൽ ജ​യേ​ഷ്‌ (41), ചാ​ങ്കു​ള​ത്ത്‌​പ​റ​മ്പി​ൽ ര​ഞ്ജി​ത്ത്‌ (44), പു​തി​യ​പു​ര​യി​ൽ അ​ജീ​ന്ദ്ര​ൻ (51), ഇ​ല്ലി​ക്ക​വ​ള​പ്പി​ൽ അ​നി​ൽ​കു​മാ​ർ (52), പു​തി​യ​പു​ര​യി​ൽ രാ​ജേ​ഷ്‌ (46), ക​ണ്ണ​പു​രം ഇ​ട​ക്കേ​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ വ​ട​ക്കേ​വീ​ട്ടി​ൽ ശ്രീ​കാ​ന്ത്‌ (47), സ​ഹോ​ദ​ര​ൻ ശ്രീ​ജി​ത്ത്‌ (43), തെ​ക്കേ​വീ​ട്ടി​ൽ ഭാ​സ്‌​ക​ര​ൻ (67) എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

2005 ഒക്ടോബർ രണ്ടിന് രാത്രി ഒമ്പതിന് ചുണ്ട തച്ചൻകണ്ടി ക്ഷേത്രത്തിനടുത്ത് സൃഹുത്തുക്കൾക്കൊപ്പം വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന റിജിത്തിനെയാണ് പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്. ആർ.എസ്.എസ് ശാഖ നടത്തുന്നതിനെച്ചൊല്ലിയുള്ള സംഘർഷത്തി​ന്റെ തുടർച്ചയായാണ് ​കൊലപാതകമെന്നാണ് കേസ്. ക്ഷേത്രത്തിനടുത്ത കിണറിനു പിന്നിൽ പതിയിരുന്ന പ്രതികൾ ആയുധങ്ങളുമായി റിജിത്തിനെയും മറ്റും ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഡി.​വൈ.​എ​ഫ്‌.​ഐ പ്ര​വ​ർ​ത്ത​ക​രാ​യ കെ.​വി. നി​കേ​ഷ്‌, ആ​ർ.​എ​സ്‌. വി​കാ​സ്‌, കെ.​എ​ൻ. വി​മ​ൽ എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. വാ​ക്ക​ത്തി, ക​ഠാ​ര, വ​ടി​വാ​ൾ, വ​ലി​യ ക​ഠാ​ര, സ്‌​റ്റീ​ൽ​പൈ​പ്പ്‌ എ​ന്നി​വ​യാ​ണ്‌ കൊ​ല​ക്ക്‌ ഉ​പ​യോ​ഗി​ച്ച​ത്‌. ചോ​ര​പു​ര​ണ്ട ആ​യു​ധ​ങ്ങ​ളും പ്ര​തി​ക​ളു​ടെ വ​സ്‌​ത്ര​വും പൊ​ലീ​സ്‌ ക​ണ്ടെ​ത്തി.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ബി.പി. ശശീന്ദ്രൻ, പ്രതികൾക്ക് വേണ്ടി അഡ്വ. പി.എസ്. ഈശ്വരൻ, അഡ്വ. പി. പ്രേമരാജൻ, അഡ്വ. ടി. സുനിൽ കുമാർ എന്നിവർ ഹാജരായി.

Tags:    
News Summary - bjp leader k ranjith about rijith murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.