‘ചലോ, ചലോ’ ഗ്യാസ് വില കൂട്ടിയതിനെ കുറിച്ച് ഒന്നും മിണ്ടാതെ തടിതപ്പി ബി.ജെ.പി നേതാവ്

ആലുവ: പാചകവാതക സിലിണ്ടറിന്റെ വില കുത്തനെ വർധിപ്പിച്ചതിനെ കുറിച്ച് കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി ദേശീയനേതാവ് പ്രകാശ് ജാവ്ദേക്കറിനോട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഉത്തരം ‘ചലോ, ചലോ... (പോകാം പോകാം)’ എന്ന്. ആലുവയി​ൽ ന്യൂനപക്ഷമോർച്ച പരിപാടിക്കെത്തിയതായിരുന്നു കേരള പ്രഭാരിയായ ജാവ്ദേക്കർ.

ആദ്യം ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി മുന്നോട്ട് നീങ്ങിയ ജാവ്ദേക്കർ പിന്നീട് തിരിച്ചു വന്നു. ഗ്യാസ് വിലയെകുറിച്ച് വീണ്ടും മാധ്യമപ്രവർത്തകർ ചോദ്യുമുന്നയിച്ചു. ‘മോദി സർക്കാർ ​പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും കുറച്ചിരുന്നു. എന്നാൽ, കേരളത്തിലെ ഇടതുസർക്കാർ വാറ്റ് കുറക്കാതെ 2 രൂപ കൂട്ടുകയാണ് ചെയ്തത്. ഇത് ജനവിരുദ്ധ നടപടിയാണ്’ എന്നായിരുന്നു അപ്പോൾ മറുപടി. എന്നിട്ടും ഗ്യാസിനെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല.  പെട്രോളിനെ കുറിച്ചല്ല, ഗ്യാസ് വില കൂട്ടിയ​തിനെകുറിച്ചാണ് ചോദ്യമെന്ന്  മാധ്യമപ്രവർത്തകർ വീണ്ടും പറഞ്ഞപ്പോഴാണ് ‘ചലോ, ചലോ’ എന്ന് പറഞ്ഞ് പിന്തിരിഞ്ഞുപോയത്.

ഗാർഹിക സിലിണ്ടറിന്റെ വില 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ 1061 ആയിരുന്ന ഗാർഹിക സിലിണ്ടറിന് 1111 രൂപയായി. 1773 രൂപയായിരുന്ന വാണിജ്യ സിലിണ്ടറിന് ഇനിമുതൽ 2124 രൂപ നൽകണം.

എണ്ണക്കമ്പനികളുടെ യോഗത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. പുതുക്കിയ വില ബുധനാഴ്ച മുതൽ നിലവിൽ വന്നു. സമീപകാലത്ത് പാചക വാതക വിലയിലുണ്ടാകുന്ന ഏറ്റവും വലിയ വർധനവാണിത്. വാണിജ്യസിലിണ്ടറിന് വിലകൂട്ടിയത് ഹോട്ടലുകളിലും ബേക്കറികളിലും ഭക്ഷണവസ്തുക്കളുടെ വിലവർധിക്കാൻ ഇടയാക്കിയേക്കും. ഇത് ജനജീവിതം കൂടുതൽ ദുസ്സഹമാക്കും. 

Tags:    
News Summary - BJP leader Prakash Javadekar kept silent about gas price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.