പാലക്കാട്: ബി.ജെ.പി സംസ്ഥാന സമിതിയംഗവും മുൻ വക്താവുമായ സന്ദീപ് വാര്യർ സി.പി.എമ്മിലേക്കെന്ന് സൂചന. മുതിർന്ന സി.പി.എം നേതാക്കളുമായി ചർച്ച നടത്തിയതായാണ് വിവരം.
സന്ദീപ് വാര്യർ ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന പശ്ചാത്തലത്തിലാണ് ചർച്ച. സി.പി.എമ്മിലേക്ക് വരുന്നത് സംബന്ധിച്ച ചർച്ചകൾ തുടരാനാണ് ധാരണ. സി.പി.എമ്മിന്റെ പാലക്കാട്ടെ മുതിർന്ന നേതാവുമായി സന്ദീപ് ചർച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ഈ വിവരം മുഖ്യമന്ത്രിയുമായും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായും പങ്കുവെച്ചിട്ടുണ്ട്. ബി.ജെ.പി വിട്ട് വന്നാൽ സന്ദീപ് വാര്യറെ സ്വീകരിക്കാം എന്ന നിലപാടിലാണ് സി.പി.എം. അങ്ങനെയെങ്കിൽ ഉപതെരഞ്ഞെടുപ്പ് കഴിയും മുമ്പ് സന്ദീപ് സി.പി.എമ്മിൽ ചേരാൻ സാധ്യതയുണ്ട്.
എൻ.ഡി.എ കണ്‍വെന്‍ഷൻ വേദിയിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് സന്ദീപും പാർട്ടിയും ഇടഞ്ഞത്. അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ബി.ജെ.പി ശ്രമങ്ങൾ ഫലംകണ്ടിരുന്നില്ല. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പ്രചാരണരംഗത്ത് ബി.ജെ.പി സംസ്ഥാന സമിതി അംഗം കൂടിയായ സന്ദീപിന്‍റെ അസാന്നിധ്യം ചർച്ചയായിരിന്നു.
തിങ്കളാഴ്ച നടന്ന എൻ.ഡി.എ കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം സന്ദീപ് വാര്യര്‍ക്ക് സീറ്റ് നല്‍കിയിരുന്നില്ല. പ്രതിഷേധ സൂചകമായി അദ്ദേഹം വേദിയിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞിട്ടും തന്നെ അവഗണിച്ചതിലാണ് സന്ദീപ് ബി.ജെ.പിയുമായി ഇടഞ്ഞത്. പാലക്കാട്ടെ എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറുമായി സന്ദീപ് വാര്യര്‍ക്ക് അഭിപ്രായവ്യത്യാസവുമുണ്ട്. മൂത്താന്തറയിലെ പ്രശ്‌നപരിഹാരത്തിന് സന്ദീപ് ഇടപെട്ടത് സി. കൃഷ്ണകുമാറിനെ അലോസരപ്പെടുത്തിയിരുന്നു. നേതൃത്വവും നീരസം പ്രകടിപ്പിച്ചിരുന്നു.
യോഗത്തിൽനിന്ന് ഇറങ്ങിപ്പോയശേഷം സന്ദീപ് വാര്യർ സി. കൃഷ്ണകുമാറിന്റെ പര്യടനത്തിൽ പങ്കെടുത്തിട്ടില്ല. സി.പി.എം നേതാവും പാലക്കാട് മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനുമായ എം.എസ്. ഗോപാലകൃഷ്ണന്‍ 1991ലെ പാലക്കാട് മുനിസിപ്പല്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ അന്നത്തെ ബി.ജെ.പി ജില്ല പ്രസിഡന്റ് ടി. ചന്ദ്രശേഖരന്റെ പിന്തുണ തേടി അയച്ച കത്ത് പുറത്തുവിട്ടത് സന്ദീപ് വാര്യരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.