തിരൂർ: തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് തിരൂരിൽ ബി.ജെ.പി നടത്തിയ പ്രകടനത്തിനിടെ എസ്.ഡി.പി.ഐ-ബി.ജെപി പ്രവർത്തകർ ഏറ്റുമുട്ടി. സംഘർഷത്തിലും പൊലീസ് ലാത്തിയടിയിലും പരിക്കേറ്റ അഞ്ച് ബി.ജെ.പി പ്രവർത്തകരെ തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. ഇതേതുടർന്ന് നഗരം ഒരു മണിക്കൂറോളം സംഘർഷാവസ്ഥയിലായി.
ബി.ജെ.പി പ്രവർത്തകരായ അന്നാര വെളുത്തേടത്ത് പറമ്പിൽ ശ്യാംകുമാർ (38), വെട്ടം കേലംപടി പാലക്കറമ്പിൽ സാനിഷ് (19), പരിയാപുരം ചേലാട്ട് രജനീഷ് (30), വെട്ടം പടിയം തൊട്ടിയിൽ ഷൈജു (28), കേലൻപടി പാലക്കപ്പറമ്പിൽ ശ്രീജിൻ (18) എന്നിവരാണ് ചികിത്സ തേടിയത്. പുറത്ത് പരിക്കുള്ള ശ്യാംകുമാറിനെ എസ്.ഡി.പി.ഐ പ്രവർത്തകർ കുത്തിപ്പരിക്കേൽപ്പിച്ചതാണെന്ന് ബി.ജെ.പി പ്രവർത്തകർ ആരോപിച്ചു. എന്നാൽ, പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.
രണ്ട് മാസം മുമ്പ് സംഘർഷമുണ്ടായ താഴെപ്പാലം സബ്ക ഹോട്ടൽ പരിസരത്താണ് ശനിയാഴ്ചയും പ്രശ്നമുണ്ടായത്. ഇവിടെ വെച്ച് ബി.ജെ.പി പ്രവർത്തകർ പടക്കം പൊട്ടിക്കുന്നത് എസ്.ഡി.പി.ഐ പ്രവർത്തകർ ഫോട്ടോയെടുത്തതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കം ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് വഴിമാറുകയും പരസ്പരം കല്ലെറിയുകയും ചെയ്തു.
ഇതിനിടെ ബി.ജെ.പി പ്രവർത്തകർ സബ്ക ഹോട്ടലിലേക്ക് ഇരച്ചുകയറി അക്രമം നടത്തി. പൊലീസ് ലാത്തിവീശിയാണ് ഇരുവിഭാഗത്തെയും ഓടിച്ചത്. ഇതോടെ പ്രകടനം അലങ്കോലമായി. പ്രകടനത്തിനൊപ്പമുണ്ടായിരുന്ന വാഹനത്തിൽനിന്ന് വീണും ലാത്തിയടിയേറ്റുമാണ് പലരുടെയും പരിക്കെന്ന് പൊലീസ് അറിയിച്ചു.
സംഘർഷത്തെ തുടർന്ന് പൊലീസ് സമീപത്തെ വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചു. കല്ലേറിൽ സബ്ക ഹോട്ടലിനും സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാടുണ്ട്. ഗുജറാത്ത് തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ സബ്ക ഹോട്ടലിന് നേരെ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ ആക്രമണം നടത്തിയിരുന്നു.
സംഭവത്തിൽ നേതാക്കളുൾെപ്പടെ കണ്ടാലറിയാവുന്ന 100 പേർക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനിടെയാണ് സംഘർഷ സാധ്യതയുള്ള മേഖലയിൽ വീണ്ടും പടക്കം പൊട്ടിക്കലും പ്രകോപനം സൃഷ്ടിക്കലുമുണ്ടായത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് മുൻകരുതലെടുക്കാതിരുന്നതാണ് പ്രശ്നത്തിനിടയാക്കിയതെന്ന് ആക്ഷേപമുണ്ട്. സ്ഥലത്ത് കനത്ത പൊലീസ് സന്നാഹം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.