തൃശൂർ: മെഡിക്കൽ കോളജ് കോഴ ആരോപണം ബി.ജെ.പിയിലെ ആഭ്യന്തരകലഹം രൂക്ഷമാക്കിയ സാഹചര്യത്തിൽ തിങ്കളാഴ്ച തൃശൂരിൽ ചേരുന്ന പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ കുരുശിലേറ്റാൻ തയാറെടുത്ത് വി. മുരളീധര വിഭാഗം.
മെഡിക്കൽ കോഴ റിപ്പോർട്ട് ചോർച്ചയിൽ പ്രതിക്കൂട്ടിലായ മുരളീധര വിഭാഗത്തിനുള്ള മറ്റൊരു കടുത്ത അടിയായിരുന്നു റിപ്പോർട്ട് ചോർന്നതിെൻറ പേരിൽ വി.വി. രാജേഷിനെ സംഘടന പദവികളിൽനിന്ന് മാറ്റിയത്. അതിന് പകരം ചോദിക്കുകയാണ് മുരളീധര പക്ഷത്തിെൻറ ലക്ഷ്യം. റിപ്പോർട്ട് ചോർച്ചയുമായി ബന്ധപ്പെട്ട് വി.വി. രാജേഷിനെതിരെയും യുവമോർച്ച ജനറൽ സെക്രട്ടറി പ്രഫുൽ കൃഷ്ണക്കെതിരെയുമുള്ള നടപടിക്ക് അംഗീകാരം നൽകേണ്ടത് ഇൗ യോഗമാണ്. മെഡിക്കൽ കോഴ റിപ്പോർട്ട് കഴിഞ്ഞ തിരുവനന്തപുരം യോഗത്തിൽ ചർച്ച ചെയ്തിരുന്നു.
കെ.പി. ശ്രീശനും എ.കെ. നസീറും സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് ദേശീയ അധ്യക്ഷൻ അമിത് ഷാക്ക് നൽകിയത് തിരുത്തൽ വരുത്തിയാണെന്ന പുതിയ കണ്ടെത്തലാണ് കുമ്മനത്തിനെതിരെ വി. മുരളീധരൻ വിഭാഗം പ്രയോഗിക്കാനിരിക്കുന്ന വജ്രായുധം. കോടികൾ കോഴ വാങ്ങിയെന്ന പാർട്ടി അന്വേഷണ കമീഷൻ കണ്ടെത്തലിലെ വിവാദ ഭാഗങ്ങളാണ് നീക്കം ചെയ്തതായി കണ്ടെത്തിയത്. ദേശീയ നേതൃത്വത്തിന് കൈമാറിയ റിപ്പോർട്ടിെൻറ പകർപ്പിൽ കുമ്മനത്തിെൻറ സഹായിയുടെ പേര് ഒഴിവാക്കുകയും കോഴ എന്നതിന് പകരം കൺസൽട്ടൻസി ഫീസ് എന്നാക്കുകയും ചെയ്തേത്ര.
നസീറിെൻറ ആലുവയിലെ ഹോട്ടലിലെ ഇ-മെയിലിൽനിന്നാണ് റിപ്പോർട്ട് ചോർന്നതേത്ര. അതിനാൽ നസീർ റിപ്പോർട്ട് ചോർത്തിയെന്ന് സംശയിക്കപ്പെട്ടു. എന്നാൽ, ചോർച്ചക്ക് പിന്നിൽ രാജേഷാണെന്ന് പിന്നീട് കണ്ടെത്തിയത്രേ. അതിനാലാണ് രാജേഷിനെ സംഘടനാ പദവികളിൽനിന്ന് നീക്കി അച്ചടക്ക നടപടിയുണ്ടായത്. അങ്ങനെയിരിക്കെയാണ് റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയെന്ന് കണ്ടെത്തിയത്.
അതോടെ തിങ്കളാഴ്ച തൃശൂരിൽ ചേരുന്ന യോഗത്തിന് ഇരു കൂട്ടരും കരുതി തന്നെയാണ് എത്തുന്നതെന്നാണ് വിവരം. തൃശൂരിലുൾപ്പെടെ വ്യാജ
രസീത് പിരിവുൾപ്പെടെയുള്ള നിരവധി ആരോപണങ്ങൾ ഇരുകൂട്ടരും കരുതിയിട്ടുണ്ട്. എം.ടി. രമേശിന് ക്ലീൻ ചിറ്റ് നൽകിയപ്പോൾ വി.വി. രാജേഷിനെതിരെ നടപടിയെടുത്തതിനെ മുരളീധര വിഭാഗം ചോദ്യം ചെയ്യും. തീരുമാനങ്ങളൊന്നും ഉണ്ടാവില്ലെന്നും എന്നാൽ യോഗത്തിൽ കടുത്ത വാഗ്വാദങ്ങളുണ്ടാകാനാണ് സാധ്യതയെന്നും ഒരു സംസ്ഥാന നേതാവ് സൂചിപ്പിച്ചു. ഞായറാഴ്ച തൃശൂരിലെത്തിയ കുമ്മനം രാജശേഖരൻ യോഗത്തിൽ കുഴപ്പമുണ്ടാകാനുള്ള സാധ്യത ആർ.എസ്.എസ് നേതൃത്വവുമായി ചർച്ച ചെയ്തു.
സംസ്ഥാന നേതാക്കൾ ബൂത്ത്തലത്തിൽ കേന്ദ്രീകരിച്ച് മുഴുവൻ സമയം പ്രവർത്തിക്കാൻ നിർദേശിച്ചിരുെന്നങ്കിലും ഇത് നടപ്പായിട്ടില്ല. മണ്ഡലം കമ്മിറ്റികളിൽ ദീനദയാൽ ജന്മശതാബ്ദിയാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളും യോഗം ചർച്ച ചെയ്യും. അഖിലേന്ത്യ സഹ സംഘടന സെക്രട്ടറി സി.എൽ. സന്തോഷ് സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.