ഉമേഷ് ചള്ളിയിൽ ബി.ജെ.പി നേതാക്കളായ ബി. ഗോപാലകൃഷ്​ണനും ശോഭ സുരേന്ദ്രനും ഒപ്പം (ഫയൽ ചിത്രം)

ബി.ജെ.പിയിൽ പൊട്ടിത്തെറി; കൊടുങ്ങല്ലൂരിൽ ഉമേഷ് ചള്ളിയിൽ വിമതൻ

കൊടുങ്ങല്ലൂർ: സീറ്റ്​ വിഭജനത്തെ തുടർന്ന്​ കൊടുങ്ങല്ലൂരിൽ ബി.ജെ.പിയിലെ വിഭാഗീയത മറനീക്കി പുറത്തുവന്നു. അവസരം നിഷേധിച്ചതിൽ പ്രതിഷേധിച്ച്​ വിമതനായി മത്സരിക്കുമെന്ന്​ ബി.ജെ.പി നേതാവ്​ ഉമേഷ്​ ചള്ളിയിൽ വാർത്താസമ്മേളനത്തിൽ വ്യക്​തമാക്കി.

ബി.ജെ.പി സംസ്ഥാന സമിതി അംഗമായ ഉമേഷ് ചള്ളിയിൽ സ്ഥാനാർഥിയാകാൻ നേരത്തെ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, നേതൃത്വം പരിഗണിച്ചില്ലെന്ന്​ കൊടുങ്ങല്ലൂർ മുൻ എം.എൽ.എയും എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡൻറും കൂടിയായ ഇദ്ദേഹം ആരോപിച്ചു. ഇതേതുടർന്നാണ്​ കൊടുങ്ങല്ലൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചത്​. രണ്ട് പ്രധാന മുന്നണികൾ നിയോജക മണ്ഡലത്തിന് പുറത്തുനിന്ന് സ്ഥാനാർഥികളെ ഇറക്കിയതിലുള്ള ജനങ്ങളുടെ പ്രതിഷേധത്തിന്‍റെ പ്രതിഫലനമാണ് സ്ഥാനാർഥിത്വമെന്നും ഉമേഷ് പറഞ്ഞു.

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ പ്രചാരണ രംഗത്തുനിന്ന് തന്നെ ബി.ജെ.പി നേതൃത്വം അകറ്റിനിർത്തി. നിയമസഭ സ്ഥാനാർഥിയാകാൻ അർഹതയുണ്ടായിട്ടും താൻ താൽപര്യം പ്രകടിപ്പിച്ചിട്ടും പരിഗണിച്ചില്ല. യു.ഡി.എഫിനും എൻ.ഡി.എക്കും നിയോജക മണ്ഡലത്തിൽ വ്യക്തിപ്രഭാവവും നേതൃശേഷിയുമുള്ള നേതാക്കൾ ഉണ്ടായിട്ടും അവരെ ഒഴിവാക്കിയത് പ്രവർത്തകരുടെ ആത്മാഭിമാനം വ്രണപ്പെടുത്തിയെന്നും ഉമേഷ് ചള്ളിയിൽ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.

2001ല്‍ ജെ.എസ്.എസ് നേതാവായിരിക്കെ യു.ഡി.എഫ് ടിക്കറ്റിൽ​ വിജയിച്ചാണ്​ ഉമേഷ് ചള്ളിയില്‍ എം.എല്‍.എ ആയത്​. എന്നാൽ, 2015ൽ ജെ.എസ്​.എസ്​ വിട്ട്​ സി.പി.ഐയിൽ ചേർന്നു. 2019ൽ​ ബി​.ജെ.പിയിൽ ചേർന്നു. അ​ന്നത്തെ സംസ്ഥാന പ്രസിഡന്‍റ്​ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയാണ്​ ഉമേഷിന്‍റെ ബി.ജെ.പി പ്രവേശനം പ്രഖ്യാപിച്ചത്​. പിന്നീട്​ സംസ്​ഥാന സമിതി അംഗം വരെയായി.

സന്തോഷ്​ ചെറാകുളമാണ്​ കൊടുങ്ങല്ലൂരിൽ ബി.ജെ.പി സ്​ഥാനാർഥി. എൽ.ഡി.എഫിൽ വി.ആർ സുനിൽ കുമാർ (സി.പി.ഐ), യു.ഡി.എഫിൽ എം.പി. ജാക്​സൺ (കോൺഗ്രസ്​) എന്നിവരാണ്​ സ്​ഥാനാർഥികൾ.

Tags:    
News Summary - BJP state committee member Umesh Challiyil is an independent candidate in Kodungallur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.