കാസർഗോഡ്: ഗവർണറെ എസ്.എഫ്.ഐക്കാർ ആക്രമിക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. ഭരണഘടനാപരമായ ബാധ്യതകൾ മുഖ്യമന്ത്രി പാലിക്കണം. സർവകലാശാലകളുടെ നിയന്ത്രണം ഗവർണർക്കാണെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടും സർക്കാർ അംഗീകരിക്കുന്നില്ല. കേരളം ഗവർണർക്കൊപ്പമാണ്.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് കേരളം തിരിച്ചടി കൊടുത്തു തുടങ്ങി. ഭൂരിപക്ഷവിഭാഗങ്ങളെ ചവിട്ടിമെതിക്കുന്ന നിലപാട് ഇനി കേരളം അംഗീകരിക്കില്ലെന്ന ശക്തമായ താക്കീതാണ് പ്രാണപ്രതിഷ്ഠാദിനത്തിൽ കണ്ടെതെന്നും കേരള പദയാത്രയോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഇടത്-വലത് മുന്നണികളോട് കേരളത്തിലെ ജനങ്ങൾക്ക് യോജിപ്പില്ല. അയോധ്യയിലെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് രണ്ട് മുന്നണിയുമെടുത്ത നിലപാട് കേരളം തള്ളിക്കളഞ്ഞു. മലയാളികൾ ശ്രീരാമനൊപ്പം നിന്നു. പൊതുസമൂഹം പ്രണപ്രതിഷ്ഠാദിനം ക്ഷേത്രങ്ങളിലും വീടുകളിലും ആചാരാനുഷ്ഠാനങ്ങളോടെ ആചരിച്ചു. എൻ.എസ്.എസും എസ്.എൻ.ഡി.പിയും ധീവരസഭയും ജനുവരി 22ന് രാമജ്യോതി തെളിയിച്ചത് എൽ.ഡി.എഫിനും യു.ഡി.എഫിനും തിരിച്ചടിയായി. മതന്യൂനപക്ഷങ്ങൾ പോലും പ്രാണപ്രതിഷ്ഠയെ സ്വാഗതം ചെയ്തു. സാംസ്കരിക ലോകവും സിനിമാ മേഖലയും പ്രാണപ്രതിഷ്ഠയെ പിന്തുണച്ചു. കേരളം ഒരു രാഷ്ട്രീയമാറ്റത്തിന് തയ്യാറെടുക്കുകയാണ്. അതിനുള്ള മുന്നൊരുക്കമാണ് കേരളയാത്രയെന്നും സുരേന്ദ്രൻ പറഞ്ഞു.
മോദി ഗ്യാരണ്ടി കേരളവും ഏറ്റെടുക്കുകയാണ്. കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണി രാജ്യത്ത് തകർന്നടിയുകയാണ്. ബിഹാറിലും ബംഗാളിലും പഞ്ചാബിലും ദില്ലിയിലും മുന്നണി തകർന്നു. കോൺഗ്രസിന് മുപ്പത് സീറ്റ് പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്. ലോക്സഭ തിരഞ്ഞെടുപ്പിൽ മോദി തന്നെ മൂന്നാം തവണയും വരുമെന്ന് ഉറപ്പായ സാഹചര്യത്തിൽ കേരളവും മോദി ഭരണത്തിൽ പങ്കാളിയാവണമെന്നാണ് എൻ.ഡി.എ ആഗ്രഹിക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
കേരളം തകരുന്നതിന് നരേന്ദ്രമോദിയല്ല ഉത്തരവാദി. കേരളം മാറി മാറി ഭരിച്ച് മുടിപ്പിച്ച കോൺഗ്രസ് -സി.പി.എം സർക്കാരുകളാണ് കേരളത്തെ തകർത്തത്. കേരളം ഇപ്പോൾ നിലനിൽക്കുന്നത് മോദി സർക്കാർ ഉള്ളത് കൊണ്ടാണ്. യുപിഎ സർക്കാർ നൽകിയതിനേക്കാൾ പത്തിരട്ടി അധികം തുകയാണ് എൻ.ഡി.എ സർക്കാർ കേരളത്തിന് നൽകിയത്.
അഴിമതിയുടെ കാര്യത്തിൽ ഇരുമുന്നണികളും ഒറ്റക്കെട്ടാണ്. മാസപ്പടി ഒരു ചെറിയ വിഷയമല്ല. അതിന് വലിയ മാനങ്ങളുണ്ട്. നൂറുകണക്കിന് കോടി രൂപയാണ് കമ്പനി മാസപ്പടിയായി നൽകിയത്. രണ്ട് മുന്നണിയിലെയും നേതാക്കൾ പണം വാങ്ങിയിട്ടുണ്ട്. അഴിമതിക്കെതിരായ ജനങ്ങളുടെ പോരാട്ടമാണ് കേരള പദയാത്ര.
പൊതുമരാമത്ത് മന്ത്രി റിപ്പബ്ലിക്ക് ഡേ പരേഡ് സ്വീകരിക്കുന്നത് കരാറുകാരൻ്റെ വണ്ടിയിലാണ്. ഈ മന്ത്രിയാണ് കേരളത്തിലെ എല്ലാ കാരാറുകളും നടത്തുന്നത്. മുഖ്യമന്ത്രിക്കും മുകളിലുള്ള സൂപ്പർ മുഖ്യമന്ത്രിയാണ് മുഹമ്മദ് റിയാസ്.
മോദി ഗ്യാരണ്ടികളൊക്കെ നടപ്പിലാക്കുന്ന ഭരണാധികാരിയാണ്. അദ്ദേഹം രാജ്യത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റി. കേരളത്തിൽ ഉൾപ്പെടെ അടിസ്ഥാന വികസന മേഖലയിൽ വലിയ മാറ്റമാണ് ഈ സർക്കാർ രാജ്യത്ത് സൃഷ്ടിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് രവീശ തന്ത്രി കുണ്ടാർ, ബാലകൃഷ്ണ ഷെട്ടി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.