കോലഞ്ചേരി: യാക്കോബായ സഭയെ പാട്ടിലാക്കാൻ തീവ്രശ്രമവുമായി ബി.ജെ.പി. വെള്ളിയാഴ്ച മെത്രാപ്പോലീത്തമാരുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടക്കും.
സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് യാക്കോബായ സഭയെ പാട്ടിലാക്കാൻ ബി.ജെ.പി തീവ്രശ്രമം ആരംഭിച്ചത്. മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയാണ് പ്രാരംഭനീക്കങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതിെൻറ തുടർച്ചയായി ഡൽഹിയിലും കേരളത്തിലുമായി നിരവധി ചർച്ചകൾ നടന്നു.
സുപ്രീംകോടതി വിധിയെത്തുടർന്ന് നിലനിൽപ് പ്രതിസന്ധിയിലായ സഭക്ക് നിയമപരമായ പരിരക്ഷയും നിലനിൽപും ഉറപ്പാക്കിയാൽ സഭ ഒപ്പം നിൽക്കാമെന്ന് നേതൃത്വം ബി.ജെ.പിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
ഇതിനോടനുകൂലമായി ബി.ജെ.പി നേതൃത്വം പ്രതികരിച്ചെന്നാണ് സഭാ നേതൃത്വം നൽകുന്ന സൂചന. ഇതിെൻറ തുടർചർച്ചക്കായാണ് മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് അടക്കമുള്ള നാല് മെത്രാപ്പോലീത്ത മാർ വ്യാഴാഴ്ച രാത്രി ഡൽഹിയിലെത്തുന്നത്.
അടുത്ത ദിവസങ്ങളിൽ അമിത് ഷാ അടക്കമുള്ള പ്രമുഖരുമായി ഇവർ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ച വിജയകരമായാൽ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കുന്ന സമീപനം സ്വീകരിക്കാനാണ് സഭാ നേതൃത്വത്തിെൻറ തീരുമാനം. സഭക്ക് നിർണായക സ്വാധീനമുള്ള ഏഴ് മണ്ഡലങ്ങൾ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്.
ഇവിടങ്ങളിൽ സഭ നിശ്ചയിക്കുന്ന സ്ഥാനാർഥികൾ ബി.ജെ.പി പിന്തുണയോടെ മത്സരിക്കും. അതേസമയം, ബി.ജെ.പിക്ക് അനുകൂലമായി പരസ്യ നിലപാട് സ്വീകരിക്കുന്നതിനെതിരെ സഭയിലെ വലിയ വിഭാഗം രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.