കൊച്ചി: പാലക്കാട്ടെ കനത്ത തോൽവിക്കുശേഷം ആദ്യമായി നടന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിൽ പ്രധാനപ്പെട്ട മൂന്ന് നേതാക്കളുടെ അസാന്നിധ്യം ചർച്ചയായി. മുതിർന്ന നേതാക്കളായ പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ എന്നിവരാണ് ചൊവ്വാഴ്ച കൊച്ചിയിൽ നടന്ന യോഗത്തിൽനിന്ന് വിട്ടുനിന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ തോൽവി പാർട്ടിയിൽ പൊട്ടിത്തെറിക്ക് വഴിതെളിക്കുകയും കെ. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്ന നിലപാടിൽ കൃഷ്ണദാസ് പക്ഷം ഉറച്ചുനിൽക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ നേതാക്കളുടെ നടപടിക്ക് ഏറെ രാഷ്്ട്രീയ പ്രാധാന്യം കൽപിക്കപ്പെടുന്നു.
കൃഷ്ണദാസിനെ അനുകൂലിക്കുന്ന രണ്ടാംനിര നേതാക്കളും നേതൃത്വവുമായി സ്വരച്ചേർച്ചയില്ലാത്ത ശോഭ സുരേന്ദ്രനും യോഗത്തിൽ പങ്കെടുത്തു. സംഘടന തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട പതിവ് യോഗമാണ് നടന്നതെന്നും എല്ലാ നേതാക്കളും പങ്കെടുക്കണമെന്ന് നിർബന്ധമില്ലെന്നുമാണ് സംസ്ഥാന നേതൃത്വത്തിന്‍റെ വിശദീകരണം. 14 പേർ യോഗത്തിനെത്തിയിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. കൃഷ്ണദാസും രമേശും രാധാകൃഷ്ണനും ഗ്രൂപ്പിന്‍റെ ആളുകളല്ലെന്നും അവരുടെ ഏക ഗ്രൂപ് ബി.ജെ.പിയാണെന്നുമാണ് ഇതേക്കുറിച്ച് സുരേന്ദ്രൻ പ്രതികരിച്ചത്. ഉപതെരഞ്ഞെടുപ്പുകളിലെ പരാജയത്തെക്കുറിച്ച് പഠിക്കുന്നതിന്‍റെ ഭാഗമായി പാലക്കാട്, തൃശൂർ, വയനാട് ജില്ല പ്രസിഡന്‍റുമാരോട് സംസ്ഥാന അധ്യക്ഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
പരാജയകാരണങ്ങളും ഈ മണ്ഡലങ്ങളിലെ സാഹചര്യങ്ങളും വിലയിരുത്തി റിപ്പോർട്ട് നൽകാനാണ് നിർദേശം. കേരളത്തിന്‍റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവ്ദേക്കറുടെ സാന്നിധ്യത്തിൽ ഡിസംബർ ആറ്, ഏഴ് തീയതികളിൽ കൊച്ചിയിൽ ചേരുന്ന നേതൃയോഗം ഈ റിപ്പോർട്ട് ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.