തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വഴിയിൽ തടഞ്ഞ് എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ച സംഭവത്തിൽ കന്‍റോൺമെന്‍റ് സ്റ്റേഷൻ അസി. കമീഷണർ, സി.ഐ, എസ്.ഐ എന്നിവർ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്ക് വിശദീകരണം നൽകി.'
ഗവർണറുടെ കാർ ആക്രമിക്കാനും വഴിയിൽ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടും പ്രതിഷേധക്കാരെ തടയാനോ ഗവർണറുടെ റൂട്ടിൽ മതിയായ പൊലീസുകാരെ നിയോഗിക്കാനോ തയാറായില്ലെന്നാണ് ഇന്‍റലിജൻസ് റിപ്പോർട്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കമീഷണർ വിശദീകരണം തേടിയത്.
പൊലീസുകാർ നൽകിയ വിശദീകരണം പരിശോധിച്ച് കമീഷണർ തുടർനടപടി സ്വീകരിക്കും. ഗവർണർക്കുണ്ടായ സുരക്ഷ വീഴ്ചയിൽ രാജ്ഭവൻ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിട്ടുണ്ട്. വീഴ്ച സംബന്ധിച്ച് സിറ്റി പൊലീസ് കമീഷണർ സംസ്ഥാന പൊലീസ് മേധാവിക്ക് വിശദീകരണം നൽകിയിരുന്നു.
അതേ സമയം വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ കോടതി വെറുതെ വിട്ട സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിയുടെ വീട്ടിൽ മഹിള മോർച്ച പ്രവർത്തകർ കടന്നതിൽ സുരക്ഷ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് വിവരം.
അഞ്ച് മഹിള മോർച്ച പ്രവർത്തകരാണ് ഡി.ജി.പിയുടെ ഗേറ്റ് കടന്ന് വീട്ടിന്‍റെ മുൻവശത്തിരുന്ന് മുദ്രാവാക്യം വിളിച്ചത്. പ്രതിഷേധം നടക്കുമ്പോൾ ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബ് വീട്ടിലുണ്ടായിരുന്നു.
15 മിനിറ്റോളം വീട്ടിനു മുന്നിലിരുന്ന പ്രതിഷേധക്കാരെ മ്യൂസിയം പൊലീസ് സ്റ്റേഷനിൽനിന്ന് വനിത പൊലീസുകാരെത്തിയാണ് നീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.