മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം: പൊലീസ് നടപടിക്ക്​ ഇരയായവർക്ക്​ നഷ്ടപരിഹാരം നൽകണമെന്ന ഹരജി തള്ളി

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടികാട്ടി പ്രതിഷേധിക്കുന്നതിനിടെ നടന്ന പൊലീസ് നടപടിക്ക്​ ഇരയായവർക്ക്​ നഷ്ടപരിഹാരം നൽകണമെന്നതടക്കം ആവശ്യപ്പെടുന്ന ഹരജി ഹൈകോടതി തള്ളി. പ്രതിഷേധക്കാർക്കെതിരെ സ്വീകരിച്ച നടപടികൾ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നുൾപ്പെടെ ചൂണ്ടിക്കാട്ടി പെരുമ്പാവൂർ സ്വദേശി സാം ജോസഫ് നൽകിയ ഹരജിയാണ്​ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ തള്ളിയത്.

കഴിഞ്ഞ വർഷം കൊച്ചി മെട്രോയിലെ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാനെത്തിയപ്പോൾ കറുത്ത വേഷം ധരിച്ച്​ വേദിക്ക് സമീപത്ത്​ കണ്ടതിനെ തുടർന്ന് ട്രാൻസ്‌ജെൻഡറിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഈ സംഭവത്തെ തുടർന്നാണ്​ ഹരജി നൽകിയത്.

പൊലീസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണ​മെന്നും മൂന്നു വർഷത്തിനിടെ രജിസ്റ്റർ ചെയ്ത സമാന കേസുകളുടെ വിവരങ്ങൾ ഹാജരാക്കാൻ നിർദേശിക്കണമെന്നുമുള്ള ആവശ്യങ്ങളും ഉന്നയിച്ചിരുന്നു. സർക്കാറിനെയും ഡി.ജി.പിയെയും എതിർ കക്ഷികളാക്കിയാണ്​ ഹരജി നൽകിയിരുന്നത്​.

Tags:    
News Summary - Black flag protest against Chief Minister: Petition for compensation to victims of police action rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.