മാനന്തവാടി: വയനാട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുനേരെ കരിങ്കൊടി പ്രതിഷേധം. തൊള്ളായിരത്തോളം പൊലീസിന്‍റെ സുരക്ഷക്കിടെയും മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു.
തലപ്പുഴ ക്ഷീരസംഘത്തിന് സമീപം ഞായറാഴ്ച രാവിലെ 11ഓടെയാണ് യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്‍റ് അസീസ് വാളാട, തവിഞ്ഞാൽ മണ്ഡലം പ്രസിഡന്റ് ജിജോ വരയാൽ എന്നിവരുടെ നേതൃത്വത്തിൽ കരിങ്കൊടി കാണിച്ചത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ, എരുമത്തെരുവിൽ കരിങ്കൊടി കാണിക്കാൻ കാത്തുനിന്ന രണ്ട് യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കി.
യൂത്ത് ലീഗ് പനമരം കമ്മിറ്റി ഭാരവാഹികളായ സി.പി. ലത്തീഫ്, നൗഫൽ വടകര എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ കരുതൽ തടങ്കലിലാക്കിയതിനെതിരെയും പ്രതിഷേധമുയർന്നു. മാനന്തവാടി -മൈസൂരു റോഡിൽ പെട്രോൾ പമ്പിന് സമീപം കരിങ്കൊടി കാണിക്കാൻ ശ്രമിച്ച കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചത് വാക്കേറ്റത്തിനിടയാക്കി.
ഡി.സി.സി. ഭാരവാഹികളായ എം.ജി. ബിജു, എ.എം. നിഷാന്ത്, യൂത്ത് കോൺഗ്രസ് നേതാക്കളായ മുജീബ് കോടിയോടൻ, അജ്മൽ വെള്ളമുണ്ട, ബൈജു പുത്തൻപുരക്കൽ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. എല്ലാവരെയും വൈകീട്ടോടെ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.