കോഴിക്കോട്: കനത്ത സുരക്ഷക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോഴിക്കോട്ടും കരിങ്കൊടി പ്രതിഷേധം. ഈസ്റ്റ് ഹിൽ ഗെസ്റ്റ് ഹൗസിൽനിന്ന് കാരപ്പറമ്പ് വഴി ബൈപാസ് റോഡിലൂടെ വരുമ്പോൾ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഗെസ്റ്റ് ഹൗസിൽനിന്ന് അര കിലോമീറ്റർ അകലെ കാരപ്പറമ്പ് ജങ്ഷനിൽവെച്ച് യുവമോർച്ച പ്രവർത്തകരും കരിങ്കൊടി കാണിച്ചു. എരഞ്ഞിപ്പാലത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി. ഉച്ചക്ക് രാമനാട്ടുകര ബൈപാസിൽ പന്തീരങ്കാവിലും കരിങ്കൊടി പ്രതിഷേധം അരങ്ങേറിയിരുന്നു.
ഉച്ചക്ക് 3.30ന് ട്രൈപ്പന്‍റ ഹോട്ടലിലെ പുസ്തക പ്രകാശനമായിരുന്നു മുഖ്യമന്ത്രിയുടെ കോഴിക്കോട്ടെ ആദ്യ പരിപാടി. ഇവിടെ പ്രതിഷേധവുമായി കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി. തുടർന്ന് നാല് മണിക്ക് ജില്ല സഹകരണ ആശുപത്രിയിലെ മാതൃ-ശിശു ബ്ലോക്ക് ഉദ്ഘാടന വേദിയിലും പ്രതിഷേധക്കാര്‍ എത്തി.
രാവിലെ മലപ്പുറം ജില്ലയിലും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം ഉൾപ്പെടെ അരങ്ങേറിയിരുന്നു. തവനൂരിൽ മുഖ്യമന്ത്രി സംസാരിച്ചുകൊണ്ടിരുന്ന വേദിക്ക് പുറത്ത് പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷവുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.