പാലക്കാട്: നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസുമായി ബന്ധപ്പെട്ട് എറണാകുളത്ത് നിന്നുള്ള പ്രത്യേക അന്വേഷണസംഘം പാലക്കാട്ടെ ഹോട്ടലുകളിൽ പരിശോധന നടത്തി. വാളയാറിലെ ഹോട്ടൽ മുറിയിൽ പൂട്ടിയിട്ടതായും ഭീഷണിപ്പെടുത്തിയതായും കാണിച്ച് കൂടുതൽ പെൺകുട്ടികൾ രംഗത്തെത്തിയതോടെ കേസ് പുതിയ തലത്തിലെത്തിയിരുന്നു.
തുടർന്നാണ് ഇവർ മാർച്ച് ആദ്യവാരം താമസിച്ച വടക്കഞ്ചേരിയിലെയും വാളയാറിലെയും ഹോട്ടലുകളിലെ മാനേജർമാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്.
വാളയാറിലെ സൂര്യ സ്വാഗതിൽ മാർച്ച് ആറിന് രാത്രി 11.30നാണ് പെൺകുട്ടികളെത്തിയത്.
ഓട്ടോറിക്ഷയിലെത്തിയ ഇവർ കഞ്ചിക്കോട്ടെ ഒരു സ്ഥാപനത്തിൽ ഇൻറർവ്യൂവിന് വന്നതാണെന്നായിരുന്നു നൽകിയ വിവരം. പിറ്റേന്ന് തങ്ങൾ മോഡലുകളാണെന്നും ഷൂട്ടിങ്ങിനായാണ് വന്നതെന്നും മാറ്റിപ്പറഞ്ഞു.
മാർച്ച് ഏഴിന് രാവിലെ ഇവരുടെ സുഹൃത്തുക്കളെന്ന് പറഞ്ഞ് മൂന്ന് പുരുഷന്മാരും ഹോട്ടലിലെത്തി മുറികളെടുത്തു. എന്നാൽ, അടുത്തദിവസം ഇവർ മുറിയൊഴിഞ്ഞു. ഇതിെൻറ വാടകയും പെണ്‍കുട്ടികളാണ് നല്‍കിയതെന്ന് സൂര്യ സ്വാഗത് ഹോട്ടല്‍ മാനേജര്‍ മൊഴി നല്കി.
എന്നാല്‍, രാത്രി തൊട്ടടുത്ത ദിവസത്തെ വാടക മുന്‍കൂട്ടി ആവശ്യപ്പെട്ടപ്പോള്‍ കൈയിൽ പണമില്ലെന്നും ഇപ്പോള്‍ തന്നെ മുറിയൊഴിയാമെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. എന്നാല്‍, രാവിലെ മുറി ഒഴിഞ്ഞാല്‍ മതിയെന്ന് താൻ പറഞ്ഞതായി മാനേജര്‍ മൊഴി നല്കി. രാവിലെ സൗജന്യമായി ഭക്ഷണം നല്‍കിയെന്നും മൊഴിയിലുണ്ട്.
ഹോട്ടല്‍ രജിസ്റ്ററും കൈമാറി. മാസങ്ങൾ മുമ്പ് നടന്ന സംഭവമായതിനാൽ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെത്തുന്നത് ശ്രമകരമാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. പെണ്‍കുട്ടികള്‍ ആദ്യം താമസിച്ച വടക്കഞ്ചേരിയിലെ ഡയാന ഹോട്ടലിലും പൊലീസ് പരിശോധന നടത്തി.
'പ്രതികൾ എങ്ങനെ നടിയിലേക്ക് എത്തി'; അന്വേഷിച്ച് പൊലീസ്
കൊച്ചി: പ്രതികൾ നടി ഷംന കാസിമിലേക്ക് എങ്ങനെ എത്തിയെന്ന് അന്വേഷിച്ച് പൊലീസ്. പ്രതികളുടെ സിനിമ, സീരിയൽ, ഉന്നതബന്ധങ്ങൾ അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഷംന കാസിമിെൻറ നമ്പർ ലഭിച്ചതെങ്ങെന എന്ന കാര്യത്തിൽ ദുരൂഹതയുണ്ട്.
അറസ്റ്റിലായവരെ കൂടാതെ കൂടുതൽ പേർ പിന്നിലുണ്ടെന്ന സംശയം ബലപ്പെടുകയാണ്. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ കാര്യങ്ങൾ അറിയാമെന്നാണ് പൊലീസിെൻറ വിശ്വാസം.
ഇനിയും നിരവധി പേർ പിടിയിലാകാനുണ്ടെന്ന് തുടർ പരാതികൾ നൽകിയ പെൺകുട്ടികൾ പറഞ്ഞു. ഒപ്പം നിന്നാൽ സിനിമ, സീരിയൽ മേഖലകളിൽ അവസരം നൽകാമെന്ന വാഗ്ദാനം പ്രതികൾ നൽകിയിരുന്നു. പിടിയിലായവരുടെ മൊബൈൽ ഫോൺ പരിശോധിച്ച് ഇവർ ബന്ധപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കുകയാണ്.
ഫോണിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ഷംനയെ പ്രതികൾ ബന്ധപ്പെട്ടിട്ടുണ്ട്. കല്യാണാലോചനയുമായി വിളിച്ചവർ വലിയ ബിസിനസ് കുടുംബമാണെന്നായിരുന്നു പരിചയപ്പെടുത്തിയത്.
ഇതിനിടെ, മുഖ്യപ്രതി പൊലീസ് ജീപ്പിലിരുന്ന് ചെയ്ത ടിക്ടോക് വിഡിയോ പുറത്തുവന്നു. മുഹമ്മദ് ഷരീഫിേൻറതാണ് വിഡിയോ. പൊലീസില്‍ ബന്ധങ്ങളുണ്ടെന്ന് കാണിക്കുന്നതിന് തയാറാക്കിയ വിഡിയോയാണ് ഇതെന്ന് കരുതപ്പെടുന്നു. ഷരീഫ് ഉപയോഗിച്ചത് പൊലീസ് ജീപ്പാണോയെന്ന് അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി ഡി.സി.പി ജി. പൂങ്കുഴലി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.