കൊച്ചി: സ്വത്തുവകകളുടെ വിശദാംശങ്ങൾ കൈമാറാൻ ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മകൻ ബിനീഷ് കോടിയേരിക്ക് കേ ന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെൻറ് ഡിപ്പാർട്മെൻറ് (ഇ.ഡി) നോട്ടീസ് നൽകി. ബിനീഷിെൻറ സ്വത്തുവിവരങ്ങൾ അറിയിക്കാൻ സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിനോടും ഇ.ഡി കത്തിലൂടെ ആവശ്യപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് (പി.എം.എൽ.എ) നോട്ടീസ് നൽകിയത്.
ഇ.ഡി അനുമതിയില്ലാതെ സ്വത്ത് വിൽക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ലെന്ന് ബിനീഷിനും രജിസ്ട്രേഷൻ വകുപ്പിനും നിർദേശം നൽകി. യു.എ.പി.എ 16, 17, 18 വകുപ്പുകൾ പ്രകാരം കുറ്റങ്ങൾ ബിനീഷ് ചെയ്തതായി സംശയിക്കുന്നുവെന്നതാണ് സ്വത്തുവിവരം തേടിയുള്ള നോട്ടീസിനു കാരണമായി ഇ.ഡി വ്യക്തമാക്കുന്നത്. നോട്ടീസിനു നൽകുന്ന മറുപടി തൃപ്തികരമല്ലെങ്കിൽ കേസെടുക്കാനാണ് സാധ്യത.
സ്വർണക്കടത്ത് കേസ്, ബംഗളൂരു മയക്കുമരുന്ന് കേസ് എന്നിവയുടെ ഭാഗമായി ഇ.ഡി സെപ്റ്റംബർ ഒമ്പതിന് ബിനീഷിനെ കൊച്ചിയിലെ ഓഫിസിൽ 12 മണിക്കൂർ ചോദ്യംചെയ്തിരുന്നു. മയക്കുമരുന്ന് കേസിൽ പിടിയിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ് നാർകോട്ടിക് കൺട്രോൾ ബ്യൂറോക്ക് നൽകിയ മൊഴിയിൽ ബിനീഷ് ബംഗളൂരുവിൽ ഹോട്ടൽ ബിസിനസിനായി തനിക്ക് പണം നൽകിയതായി വെളിപ്പെടുത്തിയിരുന്നു.
ഇ.ഡി ബിനീഷിനെ ചോദ്യംചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ വ്യക്തതക്കുറവാണ് സ്വത്ത് സംബന്ധിച്ച അന്വേഷണത്തിനു പിന്നിൽ. ഇ.ഡിയുടെ അന്വേഷണത്തിൽ കണ്ടെത്തിയ ആസ്തികളുമായി ബിനീഷ് നൽകിയ വിവരങ്ങൾ പൊരുത്തപ്പെടുന്നില്ല. തുടർന്നാണ് സ്വത്ത് കൈമാറ്റം വിലക്കി നോട്ടീസ് നൽകിയത്.
അനൂപും ബിനീഷും തമ്മിലെ അടുത്ത സൗഹൃദം ഇരുവരുടെയും ഫേസ്ബുക്ക് അക്കൗണ്ടുകളിൽ വന്ന ചിത്രങ്ങളിലൂടെ വ്യക്തമാണ്. മയക്കുമരുന്ന് കേസിൽ പിടിയിലാകുന്നതിന് മുമ്പ് അനൂപ് നിരന്തരം ബിനീഷിനെ ഫോണിൽ വിളിച്ചതിെൻറ വിശദാംശങ്ങളും ഇ.ഡിക്ക് ലഭിച്ചു. കുറ്റകൃത്യങ്ങൾ ചെയ്തതിനു പിന്നിൽ അനൂപിെൻറ ഉദ്ദേശ്യങ്ങൾ തന്നെയാണോ ബിനീഷിനും എന്നതിലാണ് അന്വേഷണം ഊന്നുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.