കൊണ്ടോട്ടി: മലപ്പുറം ജില്ല കേന്ദ്രീകരിച്ച് കള്ളനോട്ടുകള്‍ അച്ചടിച്ച് വിതരണം ചെയ്യുന്ന മൂന്നംഗ സംഘം പിടിയിൽ. ഇവരിൽ നിന്ന് 10 ലക്ഷത്തിെൻറ കള്ളനോട്ടുകൾ പിടികൂടി. പാണ്ടിക്കാട് ചെമ്പ്രശ്ശേരി ഈസ്റ്റ് സ്വദേശി മാഞ്ചേരി ബഷീര്‍ (50) എന്ന പാണ്ടി ബഷീര്‍, പാണ്ടിക്കാട് വള്ളുവങ്ങാട് കുണ്ടുകര അമീര്ഖാന് (37) എന്ന ഖാന് മുസ്ലിയാര്, കരുവാരകുണ്ട് ഇരിങ്ങാട്ടിരി കോയിശ്ശേരി മൊയ്തീന്‍കുട്ടി (50) എന്നിവരാണ് അറസ്റ്റിലായത്.
2000, 500 രൂപയുടെ കള്ളനോട്ടുകളും വിതരണത്തിനായി കൊണ്ടുവന്ന കാറും സഹിതം കൊണ്ടോട്ടി നെടിയിരുപ്പ് പൊയിലിക്കാവിൽനിന്ന് ജില്ല ആൻറി നാര്‍കോട്ടിക് സ്ക്വാഡാണ് ഇവരെ പിടികൂടിയത്. ജില്ലക്കകത്തും പുറത്തുമുള്ള കള്ളനോട്ട് മാഫിയയുമായി സംഘത്തിന് അടുത്ത ബന്ധമുണ്ട്. കഴിഞ്ഞയാഴ്ച കോയമ്പത്തൂര്‍ സ്വദേശിയായ ഹോട്ടല്‍ തൊഴിലാളി സതീഷിനെ കള്ളനോട്ടുകളും നിര്‍മാണ ഉപകരണങ്ങളുമായി പിടികൂടിയിരുന്നു.
അമീര്ഖാന് പാലക്കാട്, മലപ്പുറം ജില്ലകളിലെ വിവിധയിടങ്ങളില്‍ വാടകവീടെടുത്താണ് നോട്ടുകള്‍ നിര്‍മിക്കുന്നത്. ഇപ്പോള്‍ വാടകക്ക് താമസിക്കുന്ന കൊടശ്ശേരിയിലെ വീട്ടില്‍നിന്ന് നോട്ടുനിര്മാണത്തിനുപയോഗിച്ച കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും പിടികൂടി. ബഷീറിനെതിരെ 2015ല്‍ വ്യാജ ആര്.സി നിര്‍മിച്ചതിന് പാണ്ടിക്കാട്, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ സ്റ്റേഷനുകളിൽ കേസുകളുണ്ട്.
പ്രതികള്‍ വ്യാപകമായി വിസ തട്ടിപ്പും നടത്തിയിരുന്നതായി വിവരം ലഭിച്ചു. തട്ടിപ്പിനിരയായ നിരവധി പേരാണ് ഇവർ പിടിയിലായതറിഞ്ഞ് സ്റ്റേഷനിലെത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. മലപ്പുറം ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീമിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈ.എസ്.പി ഹരിദാസന്, നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി പി.പി. ഷംസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.