കരിമണൽ ഖനനം: സി.പി.എം എം.എൽ.എയും സി.പി.ഐയും നേർക്കുനേർ

അമ്പലപ്പുഴ: തോട്ടപ്പള്ളി പൊഴിയിലെ ധാതുമണൽ ഖനനം സംബന്ധിച്ച നിലപാടിലെ മാറ്റത്തെച്ചൊല്ലി ആലപ്പുഴയിൽ സി.പി.എം എം.എൽ.എയും സി.പി.ഐ ജില്ല നേതൃത്വം നേർക്കുനേർ. സി.പി.ഐ എതിർത്തപ്പോഴും ഖനനത്തെ ഇതുവരെ ന്യായീകരിച്ചുവന്ന സി.പി.എമ്മിന്‍റെ മലക്കംമറിച്ചിൽ തുറന്ന് പറഞ്ഞ് സി.പി.ഐ ജില്ല സെക്രട്ടറി രംഗത്തെത്തിയതാണ് രംഗം കൊഴുപ്പിച്ചത്.

കഴിഞ്ഞ ദിവസം സി.പി.എം എം.എൽ.എ എച്ച്. സലാമും ജനപ്രതിനിധികളും സി.പി.എം പ്രവർത്തകരും ചേർന്ന് മണലെടുപ്പ് തടഞ്ഞതാണ് കൗതുകമായത്. വ്യാഴാഴ്ച വൈകീട്ടാണ് എച്ച്. സലാമിന്റെ നേതൃത്വത്തിൽ മണൽ ഖനനം തടഞ്ഞത്. പൊഴിമുഖത്തുനിന്ന് ചവറയിലേക്ക് കൊണ്ടുപോകുന്ന ധാതുമണൽ വേർതിരിച്ച ശേഷം കിട്ടുന്ന മണൽ പുറക്കാട് പഞ്ചായത്തിന്റെ തീരപ്രദേശങ്ങളിൽ നിക്ഷേപിക്കുമെന്ന് കെ.എം.എം.എല്ലും ഐ.ആർ.ഇയും സർക്കാറിനെ രണ്ട് വർഷം മുമ്പ് അറിയിച്ചിരുന്നു.

എന്നാൽ, ഇതുവരെ മണൽ തിരികെ കൊണ്ടുവരുന്നത് നടപ്പായിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഖനനം തടഞ്ഞതെന്ന് എം.എൽ.എ പറയുന്നു.അതിനിടെ തോട്ടപ്പള്ളിയിൽ വാരിക്കൂട്ടിയ മണലിൽനിന്ന് 15 ലോഡ് മണൽ, ലോറിയിൽ തോട്ടപ്പള്ളി ആനന്ദേശ്വരം മുതൽ പുറക്കാട് വാസുദേവപുരം വരെ തീരദേശത്തെ കടൽക്ഷോഭ ഭീഷണിയുള്ള വീടുകൾക്ക് സമീപം വെള്ളിയാഴ്ച നിക്ഷേപിച്ചു. എം.എൽ.എ തടഞ്ഞ ശേഷവും പൊഴിയുടെ ഇരുകരയിൽനിന്ന് യന്ത്ര സഹായത്താൽ മണൽ വാരുന്നത് തുടരുകയാണ്.

സി.പി.എം നിലപാടുമാറ്റം ചൂണ്ടിക്കാണിച്ച് എച്ച്. സലാം എം.എൽ.എയെ ട്രോളി സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഫേസ്ബുക്കിൽ പോസ്റ്റിട്ടു. കുട്ടനാട്ടിലെ വെള്ളപ്പൊക്കം ഒഴിവാക്കാനെന്ന പേരിൽ മണലെടുപ്പിനെ മുമ്പ് അനുകൂലിച്ചിരുന്ന എം.എൽ.എ ഇപ്പോൾ അതു തടയുന്നതിലെ ആത്മാർഥതയില്ലായ്മയെ പരിഹസിക്കുന്നതായിരുന്നു കുറിപ്പ്. എം.എൽ.എയുടെ നേതൃത്വത്തിൽ മണലെടുപ്പ് തടഞ്ഞതിന്റെ പത്രവാർത്തയും ചേർത്താണ് ആഞ്ചലോസിന്റെ ട്രോൾ.മേയ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ലോക ചിരിദിനം എന്നായിരുന്നു കുറിപ്പ്.

മണലെടുക്കാൻ അനുമതി നൽകിയ പഞ്ചായത്ത് പ്രസിഡന്റും എം.എൽ.എക്കൊപ്പം തടയാനെത്തിയവരുടെ കൂട്ടത്തിലുണ്ടെന്നത് മറ്റൊരു കൗതുകം. പ്രഹസനം കാണിച്ചതിനെ ബോധപൂർവം ട്രോളിയതാണെന്ന് ആഞ്ചലോസ് സ്ഥിരീകരിക്കുകയും ചെയ്തു. മുമ്പ് സി.പി.ഐ എതിർത്തപ്പോൾ സലാമും സി.പി.എമ്മും മണലെടുപ്പിന് അനുകൂലമായിരുന്നെന്ന് ആഞ്ചലോസ് ചൂണ്ടിക്കാട്ടി. മണലെടുപ്പിനെതിരെ സമരം ചെയ്തതിന് ഇപ്പോഴും തനിക്കെതിരെ കേസുണ്ടെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.

ഫേസ്ബുക്കിലൂടെ മറുപോസ്റ്റിട്ടാണ് സലാം ഇതിനോട് പ്രതികരിച്ചത്. 'സി.പി.ഐയുടെ ജില്ല സെക്രട്ടറിയായ മഹാനായ നേതാവിനോട് അനുവാദം ചോദിക്കാൻ കഴിഞ്ഞില്ല, ക്ഷമിക്കണേ സിംഹമേ'... എന്നാണ് സലാമിന്‍റെ പോസ്റ്റ്. ആഞ്ചലോസിനെതിരെ രൂക്ഷ വിമർശനവും സലാം നടത്തുന്നു. സി.പി.ഐ ജില്ല സെക്രട്ടറി പദവിയുടെ ഔന്നത്യം ഉയർത്തിപ്പിടിക്കണം.

തീരം സംരക്ഷിക്കാനാണ് മണലെടുപ്പ് തടഞ്ഞത്. ഇക്കാര്യത്തിൽ വ്യക്തത വേണമെങ്കിൽ സ്വന്തം പാർട്ടിക്കാരനായ മന്ത്രി പി. പ്രസാദിനോട് ചോദിച്ചാൽ മതി. സർക്കാർ നിലപാടിനൊപ്പം നൽക്കുകയാണ് ടി.ജെ. ആഞ്ചലോസ് ചെയ്യേണ്ടതെന്നും സലാം.ഇതിന് പിന്നാലെ സലാമിനെതിരെ എ.ഐ.വൈ.എഫ് ജില്ല നേതൃത്വവും രംഗത്തെത്തി.

Tags:    
News Summary - Black sand mining: dispute between CPM MLA and CPI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.